തമിഴ്നാട്ടിലുണ്ടൊരു പൊന്നാനി… പൊന്നാനിക്കാര് പൊന്നാനി കാണാന്‍ പോയ കഥ ഇങ്ങനെ..!!

ഗൂഡല്ലൂർ: തമിഴ്നാട്ടിലുമുണ്ടൊരു പൊന്നാനി. വിവരമറിഞ്ഞതോടെ ആ നാട് ചെന്ന് കാണണമെന്ന് മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരായ കെ.പി. ബഷീറിനും യു. അബ്ദുൽ ജബ്ബാറിനും ആഗ്രഹം തോന്നിയത്. ഗൂഗിളിന്റെ സഹായത്തോടെ സ്ഥലംതേടി കണ്ടുപിടിച്ചു.
ഗൂഡല്ലൂരിനടുത്ത് പന്തല്ലൂര്‍ ഭാഗത്താണ് ഈ പ്രദേശം. സ്ഥലം പിടികിട്ടിയതോടെ തമിഴ്നാട്ടിലെ പൊന്നാനിയെ തേടി സുഹൃത്തുക്കൾ യാത്രതിരിച്ചു. കേരള, തമിഴ്നാട് ബസുകളിലായി മഞ്ചേരിയും നിലമ്പൂരും വഴിക്കടവും കടന്ന് നാടുകാണി ചുരം കയറി പന്തല്ലൂര്‍ ടൗണിലെത്തി.
കുടിയേറ്റ മലയാളികളുടെ നിറസാന്നിധ്യമുള്ള തേയിലക്കാടുകളാല്‍ അതിര്‍ത്തിയിടുന്ന കൊച്ചുപട്ടണം. നെല്ലിയാളം ഗ്രാമപഞ്ചായത്തിലാണ് പൊന്നാനി. അത്ര വലിയതെന്ന് പറയാന്‍ കഴിയാത്ത ഒരു മഹാവിഷ്ണു ക്ഷേത്രം ആണ് ഉള്ളതില്‍ വലിയ കെട്ടിടം. നാട്ടുകാര്‍ മിക്കവരും തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നവരാണ്.
