PUBLIC INFORMATION

കത്തി കയറി, പവന് 71000 പിന്നിട്ടു; വില കുറയാന്‍ സാധ്യതയില്ല

സ്വര്‍ണവില എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി കുതിക്കുകയാണ്. ഓരോ ദിവസവും 700, 800 രൂപയാണ് വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനിടെ 5000 രൂപയിലധികം വര്‍ധിച്ചു. സമീപ ദിവസങ്ങളില്‍ സ്വര്‍ണവില കുറയാന്‍ യാതൊരു സാധ്യതയും കാണുന്നില്ല എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. 24 കാരറ്റ് സ്വര്‍ണം കിലോയ്ക്ക് ആദ്യമായി ഒരു കോടി രൂപയായി വര്‍ധിച്ചു.

കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8920 രൂപയായി. പവന് 840 രൂപ വര്‍ധിച്ച് 71360 രൂപയും. 24 കാരറ്റ് സ്വര്‍ണം ഗ്രമിന് 10000 ആയി. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം വന്നേക്കും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപ വര്‍ധിച്ച് 7350 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3350 വരെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 108 രൂപയാണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 65800 രൂപയായിരുന്നു. ഇന്ന് രേഖപ്പെടുത്തിയ 71360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ് വില. ഇനിയും ഉയരുമെന്ന് കരുതുന്നതിനാല്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടും. കേരള വിപണിയില്‍ ആഭരണം വാങ്ങുന്ന ട്രെന്‍ഡ് മാറിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വിവാഹം പോലുള്ള ആവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങുകയാണ് ചെയ്യുന്നത്. വധുവിന് 20 പവന്‍ വരെ ആഭരണം വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ 10 പവനും അതിന് താഴെയുമായി കുറച്ചിരിക്കുകയാണ്. 18 കാരറ്റ് സ്വര്‍ണാഭരണത്തിലേക്ക് മിക്കവരും തിരിഞ്ഞിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 58800 രൂപയായി. ആഭരണം വാങ്ങുമ്പോള്‍ 63000 കടന്നേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button