എവറസ്റ്റും കീഴടക്കി മലപ്പുറം

താനൂരിലെ മൂവർ സംഘമാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്.
താനൂർ: യാത്രകൾ ഹരമാക്കി ഹിമാലയത്തിൽ പോയി തിരിച്ചെത്തിയിരിക്കുകയാണ് മലപ്പുറം താനൂർ സ്വദേശികളായ മൂവർസംഘം. എളാരം കടപ്പുറം സ്വദേശികളായ പൗറകത്ത് സമീർ (26), കോട്ടിൽ മുബഷിർ (26), കൂഞ്ഞിന്റെ പുരയ്ക്കൽ റംഷീഖ് (27) എന്നിരാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി തിരിച്ചെത്തിയത്.
നാടുചുറ്റുകയെന്ന ആഗ്രഹം പതിയെ മലകയറ്റത്തിലേക്കു മാറി. നാട്ടിലെ കുന്നും മലയും കയറിയിറങ്ങിയ സംഘത്തിന്റെ ഒരുദിവസത്തെ ചർച്ചയിലാണ് എവറസ്റ്റ് കടന്നുവന്നത്. വലിയ പ്രയാസമുണ്ടാകുമെന്നു തിരിച്ചറിഞ്ഞ സംഘം ആഗ്രഹത്തിൽനിന്നു പിറകോട്ടുപോയില്ല. അറബിക്കടലിന്റെ തിരയിളക്കം കണ്ണിൽനിറച്ചായിരുന്നു ഹിമാലയം നടന്നുകയറിയത്. ആദ്യം ഹിമാചൽപ്രദേശിലെ ഹംപ്ത പാസ് കടന്നാണ് തുടക്കമിട്ടത്.
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കു കയറാനുള്ള പാക്കേജുകൾ അന്വേഷിച്ചപ്പോൾ ചെലവ് 70,000 രൂപ മുതലായിരുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളായ മൂന്നുപേർക്കും ഭീമമായ തുക സംഘടിപ്പിക്കാൻ പ്രയാസമായിരുന്നു. ചെലവ് കുറയ്ക്കാൻ എന്തുചെയ്യണമെന്ന് ചർച്ചചെയ്യുമ്പോഴാണ് മുമ്പ് ബേസ് ക്യാമ്പിൽ പോയ പെരിന്തൽമണ്ണയിലെ സുഹൃത്ത് നൽകിയ ഉപദേശവും ഊർജവും ഏറെ സഹായകമായത്.
2024-ൽ നേപ്പാളിലെ മച്ചാപുച്ചാരെ, അന്നപൂർണ എന്നീ ബേസ് ക്യാമ്പുകൾ കയറിയതോടെ ധൈര്യംവന്ന സംഘം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് യാത്ര തുടങ്ങി. ശരാശരി 12 മുതൽ 15 വരെ ദിവസങ്ങളാണ് ട്രക്കിങ്ങിന് വേണ്ടത്. വിശ്രമത്തിനാണ് കൂടുതൽ പണം വേണ്ടിവരുകയെന്ന് തിരിച്ചറിഞ്ഞതോടെ വിശ്രമം കുറച്ച് യാത്ര തുടർന്നു. അതുകൊണ്ടുതന്നെ എട്ടുദിവസംകൊണ്ടാണ് ട്രക്കിങ് പൂർത്തീകരിച്ചത്. തണുത്ത കാലാവസ്ഥ യാത്രയെ ബാധിച്ചിരുന്നു. മൈനസ് 15 മുതൽ 20 വരെയായിരുന്നു തണുപ്പ്. മനസ്സിൽ ലക്ഷ്യത്തിന്റെ തിരയിളക്കമുണ്ടായിരുന്ന സംഘത്തെ ഹിമാലയത്തിന്റെ തണുപ്പിന് തോൽപ്പിക്കാനായില്ല. ദൃഢനിശ്ചയത്തോടെ മുന്നേറി. അഞ്ചാംദിവസമായപ്പോഴേക്കും 5000 മീറ്റർ ഉയരത്തിലെത്തി. ഓക്സിജന്റെ അളവ് കുറവുള്ളതുകാരണം ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എല്ലാം സഹിച്ച് ലക്ഷ്യത്തിലേക്കു നടന്നുകയറി.
