MALAPPURAM

അവതാര്‍ ഗോള്‍ഡ് തട്ടിപ്പ്: പരാതിക്കാരന് 11.21 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി.

മലപ്പുറം: സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപ നഷ്ട പരിഹാരമായി 2,00,000 രൂപയും , 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിയായി. 2014 നവംബര്‍ 10നാണ് 7,00,000 രൂപ പരാതിക്കാരനായ മൂക്കുതല അബ്ദുള്‍ലത്തീഫ് എതിര്‍കക്ഷി സ്ഥാപനത്തിനു നല്‍കിയത്. 34 പവന്‍ ആഭരണം ആവശ്യപ്പെടുമ്പോള്‍ നല്‍കുമെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചത്. 2015 ജനുവരി 15ന് നാല് പവന്‍ ആഭരണം പരാതിക്കാരന് ലഭിച്ചു. അതിനുശേഷം എതിര്‍ കക്ഷി കട അടച്ചുപൂട്ടി.

പരാതിക്കാരന് അവകാശപ്പെട്ട 30 പവന്‍ ആഭരണത്തിനായി എതിര്‍കക്ഷി സ്ഥാപനത്തിന്റെ ഡയറക്ടറെ സമീപിച്ചെങ്കിലും ആഭരണം ലഭിച്ചില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത്്. പണം സ്വീകരിച്ചതിന് രേഖയില്ല എന്നും അവതാര്‍ ഗോള്‍ഡ് കമ്പനിയുമായി എതിര്‍ കക്ഷിക്ക് ബന്ധമില്ല എന്ന വാദവും ഉപഭോക്തൃതര്‍ക്കപരിഹാര കമ്മീഷന്‍ അംഗീകരിച്ചില്ല.

എതിര്‍ കക്ഷിയുടേത് അനുചിതമായ വ്യാപാര നടപടിയാണെന്നും ഒരു മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കില്‍ വിധിയായ ദിവസം മുതല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും, പ്രീതി ശിവരാമന്‍ മെമ്പറുമായ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button