അറിവിൻ വിളക്കണിഞ്ഞു;അസ്സ്വബാഹിന്റെ നാൾവഴികൾ പ്രിയപ്പെട്ട അദ്ധ്യാപകൻ ഇബ്രാഹിം മൗലവിയുടെ ഓർമകളിൽ നിന്നും
‘പണ്ഡിതന്മാരുടെ നാട്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോക്കൂരിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ പുതുനാമ്പ് പുതുതലമുറക്ക് നുകരുവാൻ ചില സഹൃദയരുടെ പ്രവർത്തന ഫലമായി നാടിന് സമ്മാനിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് അസ്സ്വബാഹ്. വെറും ഹയർ സെക്കന്ററി മദ്രസ & അറബിക് കോളേജ് തലത്തിൽ തുടങ്ങിവെച്ച ഈ സ്ഥാപനം ഇന്ന് നഴ്‌സറി തലം മുതൽ പി ജി തലം വരെ വളർന്നു കിടക്കുന്ന വിദ്യാഭ്യാസ സമുച്ഛയമായി ഉയർന്നിരിക്കുന്നു.
1960 കാലഘട്ടത്തിൽ പള്ളികളിലുണ്ടായിരുന്ന ദർസ് പഠനം മാത്രമായിരുന്നു മതപഠനം നേടുവാനുണ്ടായിരുന്ന ഏക മാർഗം. ഇടക്കാലത്തു വെച്ച് അതിന്റെ നിലവാരം കുറഞ്ഞതിനാൽ ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരിലും മതപഠനം എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1970 – 71ൽ തുടക്കം കുറിച്ച സംരംഭമാണ് അസ്സ്വബാഹ്. സമൂഹത്തിൽ വേരുറച്ചു നിന്നിരുന്ന പ്രാകൃതമായ മതാചാരാനുഷ്ഠാനങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിർത്തു കൊണ്ട് ധാർമികവും ദാർശനികവുമായ സന്ദേശങ്ങളെ പ്രശംസിച്ചുകൊണ്ടും സമൂഹത്തെ കാലോചിതമായി പരിഷ്കരിച്ചു തൗഹീദിലേക്കധിഷ്ഠിതമായി പരിവർത്തിപ്പിക്കുന്ന നവോത്ഥാനത്തിന് തുടക്കം കുറിക്കുക എന്നതായിരുന്നു അസ്സ്വബാഹ് കോളേജ് സ്ഥാപിച്ചതിന്റെ പരമമായ ലക്ഷ്യം.
മലപ്പുറം ജില്ലയുടെ തെക്കേ അറ്റത്ത് പാവിട്ടപ്പുറം സെന്ററിൽ ജനാബ് കെ.പി അബ്ദുൽ അസീസ് സാഹിബ് വഖ്ഫ് ചെയ്ത 60 സെന്റ് സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ അസ്സ്വബാഹ് സെക്കന്ററി മദ്രസ & അറബിക് കോളേജ് പ്രവർത്തനമാരംഭിച്ചു കൊണ്ടായിരുന്നു തുടക്കം. “നിങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളം ബാക്കി വെക്കുക” എന്ന ഗുരുവര്യന്റെ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തുടങ്ങിയ ഈ സ്ഥാപനത്തിന് ഫാറൂഖ് അറബിക് കോളേജ് ഗുരുവര്യനായ അബുസ്സ്വബാഹ് അഹമ്മദ് അലി യോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ശിഷ്യന്മാർ സ്ഥാപനത്തിന് അസ്സ്വബാഹ് എന്ന് നാമകരണം ചെയ്തത്.
വെറും വിരലിലെണ്ണാവുന്ന കുട്ടികളോട് കൂടി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന് സമൂഹത്തിൽ നിന്നും അവഗണന നേരിട്ടുവെങ്കിലും അവയൊട്ടും തന്നെ വകവെക്കാതെ സ്രഷ്ടാവായ അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് അസ്സ്വബാഹ് മുന്നോട്ട് നീങ്ങി. സമൂഹം വിദ്വേഷം വെച്ച് പുലർത്തിയിരുന്നുവെങ്കിലും തങ്ങളുടെ മക്കൾക്ക് അറിവ് നേടുന്നതിനും മതം പഠിക്കുന്നതിനും വേണ്ടി അവർ ഈ സംരംഭത്തെ ഉപയോഗപ്പെടുത്തി. മറ്റു വിദ്യാലയങ്ങളിൽ അദ്ധ്യാപനം നടത്തിയിരുന്ന പലരും തങ്ങളുടെ സമയത്തെ ക്രമാധീതമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അസ്സ്വബാഹിലെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന് നൽകിയിരുന്നത്. മറ്റു സ്ഥാപനങ്ങളിൽ നിന്നും ജോലി ചെയ്തു കിട്ടുന്ന വേതനം അസ്സ്വബാഹിന്റെ നിലനിൽപ്പിനായി ഉപയോഗിക്കുകയും അല്ലാഹുവിൽ നിന്നുള്ള നന്മയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാതെ ഇതിന്റെ സംഘാടക സമിതി അസ്സ്വബാഹിനെ മുന്നോട്ട് നയിക്കുകയും ചെയ്തു.
അക്കാലഘട്ടത്തിൽ പ്രയാസങ്ങളും പ്രതിബന്ധങ്ങളും ഒരുപാട് നേരിട്ടിരുന്നുവെങ്കിലും
സ്ഥിരമായ ഒരു കെട്ടിടം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ 1976 ജനുവരി മൂന്നിന് എം.ഇ.എസ് പ്രസിഡന്റ് മർഹൂം ഡോ. ഗഫൂർ സാഹിബ് പ്രഥമ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു. പ്രസ്തുത മദ്രസ 1983 ൽ കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് അംഗീകരിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പ്രവർത്തന മേഖല വിപുലീകരിക്കുന്നതിനുമായി 1984 ൽ ജനാബ് എ.പി അബ്ദുൽ ഖാദർ മൗലവി ചെയർമാനായും, ജനാബ് കെ.പി മുഹമ്മദ് മൗലവി, കെ ഉമർ മൗലവി തുടങ്ങിയ ആദർശ ധീരരായ ഇരുപത്തിയഞ്ചു ട്രസ്റ്റികളുമായി അസ്സ്വബാഹ് അസോസിയേഷൻ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. 1971 ൽ തുടങ്ങിയ അറബിക് കോളേജിന് പൊതുജനങ്ങളിൽ അംഗീകാരം ലഭിക്കുകയും തുടർന്ന് 2003 ൽ യൂണിവേഴ്സിറ്റി അഫിലിയേഷനോട് കൂടിയുള്ള സ്ഥാപനമായി മാറുകയും ചെയ്തു.
അഫ്ളലുൽ ഉലമ കോഴ്സിനു പുറമെ കുട്ടികളിൽ ഭൗതികമായ വിജ്ഞാനവും എത്തിക്കുന്നതിന് വേണ്ടി കോമേഴ്‌സ്, സയൻസ് എന്നീ വിഭാഗത്തിലുള്ള ഹയർ സെക്കന്ററി പാഠ്യപദ്ധതികളും കൊണ്ടുവന്നു. 1984ൽ രൂപീകൃതമായ ട്രസ്റ്റിന്റെ കീഴിൽ മദ്രസകൾക്കും അസ്സ്വബാഹ് അറബിക് കോളേജിനും പുറമെ 13 യു ജി കോഴ്സുകളും 4 പി ജി കോഴ്സുകളുമുൾപ്പെടെ അസ്സ്വബാഹ് ആർട്സ് & സയൻസ് കോളേജ്, പള്ളി, എം.വി.എം റെസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ, കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരത്തോട് കൂടിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയും കോളേജിനോടനുബന്ധിച്ചു തന്നെ ബൃഹത്തായ ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. പാവിട്ടപ്പുറവും അതിന്റെ പരിസരങ്ങളിലുമുള്ള കുട്ടികളിൽ മാത്രം അറിവ് ഒതുങ്ങിപ്പോകരുത് എന്നുള്ളതുകൊണ്ടും ദൂരെ ദിക്കുകളിൽ നിന്നുള്ള
വിദ്യാർത്ഥികൾക്കു കൂടി അറിവ് ലഭ്യമാകണം എന്ന ഉദ്ദേശത്തോടു കൂടിയും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും കാലക്രമേണ ഏർപ്പെടുത്തി.
വെറും അഞ്ചു കുട്ടികളിൽ നിന്നും തുടങ്ങിയ, പ്രഗത്ഭരായ പണ്ഡിതരെ വാർത്തെടുക്കുന്ന ഈ അറിവിന്റെ അങ്കണത്തിൽ ഇന്ന് 4000ൽ പരം വിദ്യാർത്ഥികൾ മത – ഭൗതിക വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു എന്നതാണ് അസ്സ്വബാഹിന്റെ ചരിത്ര വിജയം.