SPECIAL

അറിവിന്റെ അദ്യാക്ഷരം കുറിച്ച് കുരുന്നുകൾ… ഗാന്ധി സ്മരണയിൽ രാജ്യം

നാടെങ്ങും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും പൂർത്തിയാകുന്നതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്.

അതോടൊപ്പം തന്നെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യത്ത് വിവിധ പരിപാടികളോടെ രാഷ്ട്രം ഇന്ന് ഗാന്ധിജിയെ സ്മരിക്കുന്നു.

ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ ചുവടുവയ്ക്കുന്ന വിദ്യാരംഭം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ ആഘോഷിക്കുന്നു.

തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായി. അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണെത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി. വാസുദേവൻ നായർ വിടപറഞ്ഞതിനു ശേഷമുള്ള തുഞ്ചൻ സ്മാരകത്തിലെ ആദ്യത്തെ വിദ്യാരംഭ ചടങ്ങാണിന്ന്.

കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവരും സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിൻതുമ്പിലും കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.

തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നു. തിരൂർ തുഞ്ചൻ പറമ്പിൽനിന്നുള്ള മണൽ ഉപയോഗിച്ചാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും രാവിലെ മുതൽ ചടങ്ങുകൾ ആരംഭിച്ചു.

അതേസമയം, ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. സത്യാ​ഗ്രഹം എന്ന സമരമാർ​ഗത്തിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം പോരാടിയ മഹാത്മാവിന്‍റെ സ്മരണ ഇന്ന് രാജ്യമാകെ ഇരമ്പും. അഹിംസാത്മകമായ നിയമലംഘനത്തിനും സമാധാനപരമായ ചെറുത്തുനില്‍പ്പിനും വേണ്ടി അക്ഷീണം പ്രയത്നിച്ച ഗാന്ധിയുടെ പോരാട്ടവഴികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമുദ്രയായി മാറി. ഗാന്ധിജിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രം മൂലമാണ് ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി മാറിയത്. 1947 ഓഗസ്റ്റ്‌ 15 -ന്‌ ഇന്ത്യ സ്വാതന്ത്യം നേടിയെങ്കിലും ഭാരതവിഭജനത്തിന്റെ വേദനകളിലായിരുന്നു മഹാത്മാവ്. 1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 -നാണ് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ്‌ അദ്ദേഹം മരണമടയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button