ശുദ്ധജല വിതരണം; പുതിയ പൈപ്പ് സ്ഥാപിക്കൽ ജോലികൾ ഇന്ന് തുടങ്ങും


പൊന്നാനി ∙ ശുദ്ധജല വിതരണ സംവിധാനങ്ങൾ പൂർണമായി മാറ്റുന്നതിന്റെ ഭാഗമായി നരിപ്പറമ്പ്–പൊന്നാനി റോഡിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്ന പണികൾ ഇന്ന് തുടങ്ങും. ചമ്രവട്ടം കടവിൽ നിന്നാണ് പണികൾ തുടങ്ങുന്നത്. കുണ്ടുകടവ് ജംക്‌ഷൻ വരെ ആദ്യഘട്ടത്തിന്റെ ഭാഗമായി പൈപ്പ് സ്ഥാപിക്കും. റോഡിൽ 2 മീറ്റർ വരെ വീതിയിൽ കുഴിയെടുക്കേണ്ടി വരും. വലിയ വാഹനങ്ങൾക്ക് കടന്നു പോവുക പ്രയാസമായതിനാൽ പണി തുടങ്ങുന്നതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
നരിപ്പറമ്പ് പമ്പ് ഹൗസിൽ നിന്ന് കുണ്ടുകടവ് വരെയുള്ള പൈപ്പ് സ്ഥാപിക്കൽ 3 മാസത്തിനകം തീർക്കാനാണ് ലക്ഷ്യമിടുന്നത്. മഴയ്ക്ക് മുൻപ് റോഡ് ഗതാഗത യോഗ്യമാക്കുമെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ജൂണിന് മുൻപായി ടാറിങ് ഒഴികെയുള്ള പണികൾ തീർക്കും. റോഡിൽ കുഴിയെടുക്കുന്നതിന്റെ ഭാഗമായി ടെലിഫോൺ, ഇന്റർനെറ്റ് കേബിളുകൾ കടന്നുപോകുന്നതിനാൽ നിർമാണ വേളയിൽ ബന്ധപ്പെട്ട കമ്പനി അധികൃതരുടെ സാന്നിധ്യവും ഉറപ്പാക്കുന്നുണ്ട്.













