Local newsPONNANI

അണിഞ്ഞൊരുങ്ങി പൊന്നാനി കർമ പാലം; ഉദ്ഘാടനം ജനുവരിയിൽ നടന്നേക്കും

പൊന്നാനി: ടൂറിസം, ഗതാഗത രംഗങ്ങളിൽ കുതിപ്പിന് വഴിയൊരുക്കുന്ന കർമപാലത്തിന്റെ നിർമാണം ഏറേക്കുറേ പൂർത്തിയായി. വൈദ്യുതീകരണ ജോലികളാണ് ഇനി ബാക്കിയുള്ളത്. കെൽട്രോൺ കനിഞ്ഞാൽ ജനുവരിയിൽപാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാകും. പാലം ഗതാഗതത്തിനായി തുറന്ന് നൽകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനുമാകും.
പാലത്തിൽ അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. സമീപന റോഡുകളുടേതുൾപ്പെടെ നിർമാണം പൂർത്തിയായിട്ടുണ്ട്. പാലത്തിന്റെ വൈദ്യുതീകരണമാണ് നീണ്ടുപോകുന്നത്. കെൽട്രോണിനാണ് ഇതിന്റെ ചുമതല.

പുഴയോര പാതയായ കർമ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകേയാണ് കർമപാലം നിർമിച്ചിട്ടുള്ളത്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപന റോഡുണ്ട്. ഇതിനോടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡും നവീകരികരിച്ചിട്ടുണ്ട്.

ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകേ 330 മീറ്റർ നീളത്തിലാണ് പാലം. 12 മീറ്ററോളം വീതിയുമുള്ള പാലത്തിൽ രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. 36.28 കോടി ചെലവഴിച്ചാണ് പാലവും സമീപന റോഡും നിർമിച്ചത്.

ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങങ്ങൾ പ്രകാരമാണ് നിർമാണം. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകൾക്ക് 45 മീറ്റർ വീതിയും ആറുമീറ്റർ ഉയരവുമുണ്ട്. കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണിത്. കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽക്കണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button