ജൽജീവൻ വന്നു; പൈപ്പിട്ട റോഡ് കുളമായി
എടപ്പാൾ : ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡ് നന്നാക്കിയില്ല. ജലവിതരണം തുടങ്ങിയതോടെ അടിക്കടി പൈപ്പ് പൊട്ടി റോഡ് തന്നെ ഇല്ലാത്ത അവസ്ഥയുമായി. ആറു മാസം മുൻപ് പുതുക്കിപ്പണിത എടപ്പാൾ പഞ്ചായത്തിലെ തുയ്യം കുട്ടത്തുതാഴം-കണ്ണേങ്കായൽ റോഡാണ് ജൽ ജീവൻ പദ്ധതിക്ക് പൈപ്പിടാനായി വെട്ടിപ്പൊളിച്ചത്.
നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടെങ്കിലും പൊളിച്ച ഭാഗം ടാർ ചെയ്യാതെ പൈപ്പിട്ട് ജലവിതരണമാരംഭിച്ചു. വെള്ളം വന്നുതുടങ്ങിയ നാൾ മുതൽ പൈപ്പുകൾ നിരന്തരം പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വീണ്ടും പൈപ്പ് പൊട്ടി അതിശക്തമായി വെള്ളം പുറത്തേക്കൊഴുകിത്തുടങ്ങിയതോടെ റോഡ് പൂർണമായും തകർന്ന് കാൽനടയാത്രപോലും സാധ്യമാകാത്തവിധമായിരിക്കുകയാണ്. പൊളിച്ച റോഡ് നന്നാക്കാത്തതും നല്ല പൈപ്പിടാത്തതും മോശം പണിയുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പരിസരവാസിയായ വന്ദന സുഭാഷിന്റെ നേതൃത്വത്തിൽ ഇതിനെതിരേ ഉന്നതാധികാരികൾക്ക് പരാതി നൽകാനുള്ള നീക്കത്തിലാണിപ്പോൾ നാട്ടുകാർ.