EDUCATION
പ്ലസ് വൺ: മലബാറിൽ 27,046 പേർക്കായി ഇനി 2781 മെറിറ്റ് സീറ്റ് ; മലപ്പുറത്ത് 13,654 പേർക്ക് 389 സീറ്റ്


തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം പൂർത്തിയായപ്പോൾ പാലക്കാട് മുതൽ കാസർകോട് വരെ പ്രവേശനം ലഭിക്കാത്ത 27,046 പേർക്കായി ഇനി അവശേഷിക്കുന്നത് 2781 മെറിറ്റ് സീറ്റുകൾ മാത്രം. 13,654 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത മലപ്പുറം ജില്ലയിൽ ഇനി ശേഷിക്കുന്നത് 389 സീറ്റുകളും. മലപ്പുറത്ത് സപ്ലിമെന്‍ററി ഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ച 6005 പേരിൽ 5612 പേരും പ്രവേശനം നേടി. മലബാർ ജില്ലകളിൽ 18,856 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചതിൽ 14,294 പേരും പ്രവേശനം നേടി.
സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ ഇനി ഒഴിവുള്ളത് 10,506 മെറിറ്റ് സീറ്റുകളാണ്. സംസ്ഥാനത്താകെ 36,325 അൺഎയ്ഡഡ് സീറ്റുകളും ബാക്കിയുണ്ട്.
