ജനവിധി അറിയാൻ ഇനി നാല് നാൾ
തിരുവനന്തപുരം :ജനവിധി അറിയാൻ നാല് നാൾബാക്കി നിൽക്കെ ആകാംക്ഷയിലും പ്രതീക്ഷയിലും മുന്നണികൾ. എക്സിറ്റ് പോളുകൾ എല്ലാം ഭരണമാറ്റം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ ഭരണത്തുടർച്ചയുടെ സൂചന നൽകുന്നു എന്നാണ് എൽഡിഎഫിന്റെ വാദം. രണ്ടു മുന്നണികൾക്കും ഭൂരിപക്ഷം കിട്ടാതെ നാല് സീറ്റ് എങ്കിലും ജയിക്കും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
എക്സിറ്റ് പോൾ വിലയിരുത്തുമ്പോൾ പ്രതിപക്ഷ നേതാവ് അടക്കം പറഞ്ഞിരുന്ന 100 സീറ്റിലേക്ക് യുഡിഎഫ് എത്താൻ സാധ്യത കുറവാണ് . 75 നു മുകളിലുള്ള സീറ്റുകൾ ആണ് എക്സിറ്റ് പോൾ സർവേകൾ പൊതുവേ പ്രവചിക്കുന്നത്. ഇതിനെയെല്ലാം മറികടന്ന് 85ന് അടിപ്പിച്ച സീറ്റുകൾ കിട്ടുമെന്ന് യുഡിഎഫ് നേതാക്കൾ ഇപ്പോൾ പറയുന്നുണ്ട് .ഭരണമാറ്റം എന്ന പ്രതീക്ഷയിൽ അവർക്ക് ഒരു സംശയവുമില്ല. എന്നാൽ ഭരണത്തുടർച്ച എന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും സംശയമില്ല. കഴിഞ്ഞദിവസം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ അടക്കം മുഖ്യമന്ത്രി ഇത് പങ്കുവെച്ചിരുന്നു .മാത്രമല്ല മന്ത്രിമാരോട് ഭരണത്തുടർച്ച ഉണ്ടാകും എന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്.
പതിവുപോലെ ആത്മ വിശ്വാസത്തിന് ബിജെപിക്കും കുറവില്ല. നേമത്ത് പൂട്ടിയ അക്കൗണ്ട് തുറക്കും എന്ന് മാത്രമല്ല,ചില പുതിയ അക്കൗണ്ടുകൾ കൂടി ആരംഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. എക്സിറ്റ്പോൾ സർവേകളെല്ലാം സീറ്റുകൾ പ്രവചിക്കുന്നത് കൊണ്ട് രാജീവ് ചന്ദ്രശേഖറിൻ്റെ ഓഫീസിലും സന്തോഷ ദിനമായിരുന്നു ഇന്നലെ. മെയ് നാലിന് ശേഷവും അത് ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണണം. വസ്തുതകൾ മുൻനിർത്തി സംസാരിക്കുന്ന, എൽഡിഎഫ് , യുഡിഎഫ് മുന്നണിയുടെ പ്രധാന നേതാക്കളെല്ലാം പറയുന്നത്. മെയ് നാല്….ഞങ്ങൾക്ക് നല്ല ദിനം ആകും എന്നാണ്.