GHSS കാടഞ്ചേരി 125-ാം വാർഷികാഘോഷം 2025 ജനുവരി 02, 03 വാഴ്യം, വെള്ളി ദിവസങ്ങളിൽ നടക്കും
തവനൂർ: ജനുവരി 02-ന് രാവിലെ 8.30- ക്ക് നടക്കുന്ന ഘോഷയാത്രക്കും പതാക ഉയര്‍ത്തലിനും ശേഷം വാര്‍ഷികാഘോഷത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിക്കും. കെ.ടി.ജലീൽ എം.എല്‍.എ അധ്യക്ഷനാകും 11-മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും. ഉച്ചക്ക് 12-മുതൽ പൂർവവിദ്യാർത്ഥി സംഗമം, ഗുരുവന്ദനം, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. വൈകുന്നേരം 6-ന് കളരിപ്പയറ്റ്,6.30-ക്ക്
മെഗാതിരുവാതിര, ഗുജറാത്തി ഡാന്‍സ്, മാജിക് ഷോ, രാത്രി 8 മണിക്ക് ചിത്രകാരി ടി.കെ.പത്മിനിയുടെ ജീവിത ചരിത്രം ആസ്പദമാക്കിയുള്ള സിനിമാ പ്രദര്‍ശനം തുടങ്ങിയവ അരങ്ങേറും.
ജനുവരി 03-ന് രാവിലെ 9 മുതല്‍ സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടക്കും. വൈകുന്നേരം 5 ന് സമാപന സമ്മേളനവും 6.30-ന് നൃത്തനൃത്യങ്ങളും 8 മണിക്ക് ഗാനമേളയും അരങ്ങേറും. പ്രമുഖ ഫോട്ടോഗ്രാഫര്‍ ഉത്തമന് കാടഞ്ചേരിയുടെ ഫോട്ടോ പ്രദര്‍ശനം രണ്ട് ദിവസവും ഉണ്ടാകും.
1900- ൽ മറവഞ്ചേരി തെക്കേടത്ത് മനക്കാര്‍ സൗജന്യമായി നൽകിയ രണ്ട് ഏക്കർ 60 സെൻ്റ് സ്ഥലത്ത് ഓലമേഞ്ഞ പുരയിൽ നാലാം ക്ലാസ് വരേയുള്ള വിദ്യാലയമായാണ് കാടഞ്ചേരി സ്ക്കൂൾ ആരംഭിക്കുന്നത്.
1927- ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് അഞ്ചാം ക്ലാസ് ആരംഭിച്ചു . ലോകമഹായുദ്ധങ്ങൾ, സ്വാതന്ത്ര്യ സമരങ്ങൾ തുടങ്ങിയവക്ക് സാക്ഷിയായ വിദ്യാലയം 1957- ൽ ജി.എല്‍.പി.സ്കൂള്‍ ആയി മാറുകയും പിന്നീട് 1977- ൽ യു.പി. സ്ക്കൂളായും 1984- ൽ ഹൈസ്ക്കൂളായും 2000- ൽ ഹയർ സെക്കന്‍ഡറി സ്കൂളായും ഉയർത്തപ്പെട്ടു.
ഇപ്പോള്‍ കെ.ജി. മുതൽ ഹയർ സെക്കന്‍ഡറി വരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്കൂൾ ആണിത്.