MALAPPURAM

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഖബറടക്കാന്‍ 20,000 രൂപ മസ്ജിദ് കമ്മിറ്റി വാങ്ങിയെന്ന പ്രചാരണം; മറുപടിയുമായി കമ്മിറ്റി ഭാരവാഹികള്‍

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഖബറടക്കാന്‍ വന്‍ തുക ഈടാക്കിയെന്ന ആരോപണം നിഷേധിച്ച് ചെട്ടിപ്പടി ജുമാമസ്ജിദ് കമ്മിറ്റി. മരിച്ച ആയിഷാബിയുടെ ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മസ്ജിദ് കമ്മിറ്റി വിശദീകരിച്ചു. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരം പള്ളിയ്ക്ക് കുറച്ച് പണം സംഭാവനയായി നല്‍കിയിട്ടുണ്ട്. ഇതാണ് സംഭവിച്ചതെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണത്തിന് പിന്നിലുള്ള ലക്ഷ്യം വ്യക്തമല്ലെന്നും കമ്മിറ്റി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.പള്ളിയില്‍ ഖബറടക്ക ചടങ്ങുകള്‍ സേവനമായി ചെയ്യുന്നതാണ് പതിവുരീതിയെന്ന് ചെട്ടിപ്പടി ജുമാമസ്ജിദ് കമ്മിറ്റി വിശദീകരിക്കുന്നു. ആയിഷാബിയുടേയും മക്കളുടേയും ഖബറടക്കത്തിന് മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടത് 20,000 രൂപയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. 20,000 രൂപ എന്ന് എഴുതിയിരിക്കുന്ന ഒരു രസീത് കൂടി വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു.

എന്നാല്‍ ഖബറടക്ക സമയത്ത് ബന്ധുക്കളില്‍ നിന്ന് പണം വാങ്ങിയിരുന്നില്ലെന്നും പിന്നീട് ആയിഷാബി ജോലിചെയ്ത് വന്നിരുന്ന കടയില്‍ നിന്നും 20,000 രൂപ പള്ളിയ്ക്കായി കൊടുത്തയയ്ക്കുകയായിരുന്നുവെന്നും ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കടയുടമയില്‍ നിന്നും തങ്ങള്‍ നിര്‍ബന്ധിച്ച് പണം വാങ്ങിയതല്ലെന്നും ആയിഷാബിയ്ക്ക് വേണ്ടി കടയില്‍ നിന്നും സ്വന്തം ഇഷ്ടപ്രകാരം മസ്ജിദിനെ ഏല്‍പ്പിക്കാനാണ് പണം കൊണ്ടുവന്നതെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button