Local newsMALAPPURAM
മഴയിൽ വീട് തകർന്നു; കുടുംബം ദുരിതക്കയത്തിൽ
എടക്കര : മഴയിൽ വീട് തകർന്നതിനാൽ കുടുംബം വഴിയാധാരമായി. മുണ്ട ആശാരിപ്പൊട്ടിയിലെ പുത്തൻകണ്ടി സുബൈർ ബാബുവിന്റെ വീടാണ് ഇന്നലെ ഉച്ചയോടെ തകർന്നത്. ഒരു ഭാഗത്തെ ഭിത്തിയും മേൽക്കൂരയും നിലംപതിച്ചു. വീട് പുർണമായും പൊളിച്ചുമാറ്റി പുതിയത് പണിയുകയല്ലാതെ മാർഗമില്ല. തെങ്ങുകയറ്റ തൊഴിലാളിയായ സുബൈറും 4 മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്.പുന്നപ്പുഴയോട് ചേർന്നുള്ള വീട്ടിൽ കഴിഞ്ഞ കാലവർഷത്തിൽ വെള്ളം കയറിയിരുന്നു. പുതിയ വീട് അനുവദിക്കുകയോ അതല്ലെങ്കിൽ വീട് റിപ്പയർ ചെയ്യുന്നതിനുളള സഹായധനം അനുവദിക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും മറ്റും അപേക്ഷിച്ചുവെങ്കിലും ലഭിച്ചില്ലെന്നാണ് സുബൈർ പറയുന്നത്. പുതിയ വീട് അനുവദിച്ച് കിട്ടിയെങ്കിൽ മാത്രമേ കുടുംബത്തിന്റെ ദുരിതത്തിന് പരിഹാരമാകു.