EDAPPAL

6 ലക്ഷം മുടക്കി 2 സഹായികളുമായി എടപ്പാളിൽ അശ്വതി തുടങ്ങിയ സ്ഥാപനം; സംരംഭകര്‍ക്ക് പ്രചോദനമേകുന്ന കഥ, വിദേശ വിപണിയും പിടിച്ച് വിജയ യാത്ര

എടപ്പാൾ: ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി.തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താൽപര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ലോമ നേടി. പിന്നീട് കേരളവര്‍മ കോളജില്‍ എം.എക്ക് ചേര്‍ന്നു. വിവാഹിതയായി എടപ്പാളിലെത്തിയ ശേഷമാണ് ചെറിയൊരു സ്ഥാപനം തുടങ്ങിയത്.

‘സംരംഭം തുടങ്ങാനുള്ള ആഗ്രഹവുമായി ആദ്യം സമീപിച്ചത് താലൂക്ക് വ്യവസായകേന്ദ്രത്തെയാണ്. ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല. അവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി. വ്യവസായകേന്ദ്രത്തിന്റെ സഹായത്തോടെ ലീഡ് ബാങ്കായ കാനറാ ബാങ്കിനെ സമീപിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വായ്പാ തുക കയ്യിലെത്തി. ചുവപ്പുനാടയുടെ വള്ളിക്കെട്ടുകളെക്കുറിച്ച് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും വ്യവസായ സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ടെന്ന് സ്വന്തം അനുഭവത്തിലൂടെ ബോധ്യപ്പെട്ടു.’ -അശ്വതി പറയുന്നു.

കുടുംബശ്രീയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ സഹായം ലഭിക്കാനും പ്രയാസമുണ്ടായില്ല. വാടകയ്ക്ക് ഒരു ചെറിയ ഷോപ്പെടുത്ത് സംരംഭം തുടങ്ങി. സിനിമാ-സീരിയല്‍ നടിമാരും ഗായികമാരും അവാനയുടെ ഡിസൈനിങ് തേടിയെത്തി. ഗായിക സിതാര, മറിമായം താരം സ്‌നേഹ ശ്രീകുമാര്‍, റിമി ടോമി, ശ്രുതി രജനീകാന്ത്, മൃദുല വാരിയര്‍, വീണ നന്ദകുമാര്‍ തുടങ്ങിയവരെല്ലാം തുടക്കത്തിലേ പ്രോത്സാഹനം നല്‍കി. ഇന്ന് ഓസ്ട്രേലിയ, യുകെ, യുഎസ്എ, അയര്‍ലാന്‍ഡ്, അബുദാബി എന്നീ രാജ്യങ്ങളില്‍ അവാനയുടെ വസ്ത്രങ്ങള്‍ക്ക് ഓഡറുണ്ട്.

ഉത്തരേന്ത്യയില്‍ നിന്നാണ് മെറ്റീരിയല്‍ എത്തിക്കുന്നത്. 10,000 മുതല്‍ 50,000 വരെയാണ് വില. ലഹംഗ, ഗൗണ്‍, സാരി എന്നിവയാണ് ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. പരമ്പരാഗത ക്രിസ്ത്യന്‍ വിവാഹവസ്ത്രങ്ങള്‍ക്ക് വിദേശത്തും നല്ല ഡിമാന്‍ഡുണ്ട്. കൂട്ടായ സംരംഭങ്ങള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നതെന്ന തെറ്റിദ്ധാരണയാണ് തുടക്കത്തിലുണ്ടായിരുന്നത്.

എന്നാല്‍ സ്ത്രീകള്‍ക്ക് സംരംഭം തുടങ്ങുന്നതിന് ആകര്‍ഷകമായ നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ടെന്ന് പിന്നീടാണറിഞ്ഞത്. ജില്ലാ വ്യവസായ കേന്ദ്രം അതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ വ്യവസായ സൗഹൃദാന്തരീക്ഷം പ്രയോജനപ്പെടുത്താന്‍ സംരംഭക തല്പരരായ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നാണ് അശ്വതി ബാലകൃഷ്ണന്റെ ഉപദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button