അമീനയുടെ മരണം: ആംബുലൻസ് ഡ്രൈവർ അബ്ദുൽ റഷീദിൻ്റെ മൊഴി ഇന്ന് എടുക്കും

കുറ്റിപ്പുറം: അമാന ആശുപത്രിയിലെ നഴ്സ് മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ മൊഴിയെടുക്കും. സംഭവ ദിവസം അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ അബ്ദുൽ റഷീദിൻ്റെ മൊഴിയാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് രേഖപ്പെടുത്തുക. മൊഴിയെടുക്കുന്നതിനായി അബ്ദുൽ റഷീദിനോട് ഇന്ന് രാവിലെ തിരൂർ ഡി.വൈ.എസ്.പിയുടെ ഓഫിസിലെത്താൻ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവ ദിവസം അബ്ദുൽ റഷീദാണ് പെൺകുട്ടിയെ ആശുപത്രികളിൽ എത്തിച്ചത്.കേസിൽ അമീനയുടെ സഹപ്രവർത്തകരുടെയും ഇതര ജീവനക്കാരുടെയും മൊഴിയെടുപ്പ് പൊലിസ് തുടരുകയാണ്. ആശുപത്രിയിലെ ഒരു നഴ്സിൻ്റെയും ഫാർമസിസ്റ്റിൻ്റെയും മൊഴികൾ ഇന്നലെ രേഖപ്പെടുത്തിയിരുന്നു. രാവിലെ 10.30 ഓടെ ആരംഭിച്ച മൊഴിയെടുപ്പ് മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. ശനിയാഴ്ച രാവിലെ അമീനയുടെ പല്ലാരിമംഗലത്തെ വീട്ടിലെത്തി പിതാവ് മിഥ്ലാജ്, മാതാവ് ബീമ, സഹോദരി അൽഫിന, ബീമയുടെ പിതാവ് എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു
