മൊബൈൽ ഫോണിൽ ‘ഷോ ചാറ്റ്’; 60 പേരുടെ ജീവൻ അപകടത്തിലാക്കി ബസ് ഡ്രൈവർ, കുടുക്കിയത് വീട്ടമ്മ

തൃശൂർ: അറുപത് യാത്രക്കാരുടെ ജീവൻ ഭീഷണിയിലാക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം. ബസിന്റെ വേഗത കുറയ്ക്കുകയോ നിർത്തിയിടുകയോ ചെയ്യാതെ ഡ്രൈവർ ഏറെ നേരം മൊബൈലിൽ ചാറ്റ് ചെയ്തു. ഒരു കൈ മാത്രം ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്ന സമയത്ത് ഇയാൾ വാഹനമോടിച്ചിരുന്നത്. അഭ്യാസം തുടർന്നതോടെ ബസിലുണ്ടായിരുന്ന വീട്ടമ്മ ഇയാളുടെ ദൃശ്യങ്ങൾ പകർത്തി പരാതി നൽകി. യുവജന ക്ഷേമ ബോർഡ് അംഗം കൂടിയായ ഇവരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു.
യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയതിനാൽ ബസും കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. തൃശൂരിൽ നിന്ന് പാലക്കാടേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം. ഡ്രൈവറിന് തൊട്ടടുത്താണ് പരാതിക്കാരി ഇരുന്നിരുന്നത്. ബസ് ഏകദേശം 60 കിലോമീറ്റർ വേഗതിയിൽ സഞ്ചരിക്കുമ്പോൾ ഡ്രൈവർ ഒരു കൈ കൊണ്ട് ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കാതെ ഏറെ നേരം ചാറ്റ് തുടർന്നതോടെ ഡ്രൈവറുടെ ചെയ്തി വീട്ടമ്മ മൊബൈലിൽ പകർത്തി.ബസ് ഡ്രൈവർമാർ ജോലിക്കിടെ മിക്ക സമയങ്ങളിലും മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നുണ്ട്. കൂടുതൽ സമയം ഉപയോഗിക്കുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവാറുണ്ട്. ഡ്രൈവറുടെ അഭ്യാസത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം
