കിണറ്റിൽവീണ കുട്ടിയെയും രക്ഷിക്കാനിറങ്ങിയവരെയും കരയ്ക്കെത്തിച്ചു

രക്ഷിക്കാനിറങ്ങിയ മുത്തച്ഛന് പരിക്ക്
പെരിന്തൽമണ്ണ : ആലിപ്പറമ്പ് ബിടാത്തിയിൽ രണ്ടര വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു. മുത്തച്ഛൻ രക്ഷിക്കാനിറങ്ങിയപ്പോൾ കിണറിന്റെ കോൺക്രീറ്റ് റിങ്ങിൽ കാലിടിച്ച് എല്ലുപൊട്ടി. അഗ്നിരക്ഷാസേനയെത്തി ഇരുവരെയും കരയ്ക്കെത്തിച്ചു.
രണ്ടര വയസ്സുകാരൻ ആരവ് ആണ് ബിടാത്തിയിലുള്ള അമ്മയുടെ വീട്ടിൽ 30 അടി താഴ്ചയിലുള്ള കിണറ്റിലേക്ക് അബദ്ധത്തിൽ വീണത്. മുത്തച്ഛനായ വളനല്ലൂർ ബാലൻ ഉടൻ കിണറ്റിലേക്ക് കുട്ടിയെ രക്ഷിക്കാനായി ചാടി. അപ്പോഴാണ് അദ്ദേഹത്തിന് പരിക്കേറ്റത്. പ്രദേശവാസികളായ രണ്ടുപേർകൂടി രക്ഷാപ്രവർത്തനത്തിനായി കിണറ്റിലേക്ക് ഇറങ്ങി. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ അഗ്നിരക്ഷാ യൂണിറ്റ് എത്തി എല്ലാവരേയും കിണറ്റിൽനിന്ന് കരയ്ക്കെത്തിച്ചു. കുട്ടിക്ക് യാതൊരു പരിക്കും പറ്റിയിട്ടില്ല.
പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിൽനിന്ന് സീനിയർ അഗ്നിരക്ഷാ ഓഫീസർ സജിത്തിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ സഫീർ, നിധിൻ, അർജ്ജുൻ അരവിന്ദ്, ഹോം ഗാർഡുമാരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ഡ്രൈവർ ശരത്കുമാർ എന്നിവർ ദൗത്യത്തിന്റെ ഭാഗമായി.
