
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നീതി നടപ്പാക്കാനുള്ള ആയുധമാണ് വിവരാവകാശ നിയമം – കമ്മീഷണർ
വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ നിയമമെന്ന് കായിക – ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്. സംസ്ഥാന വിവരാവകാശ കമ്മീഷന് മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന് നന്മ പകര്‍ന്ന് നല്‍കാനും അഴിമതി ഇല്ലാതാക്കാനും വിവരാവകാശ നിയമത്തിന് കഴിയും. പൗരന്മാര്ക്ക് അര്‍ഹമായ അധികാരം നല്കാന് നിയമം സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിവരാവകാശ നിയമത്തിന്റെ പ്രയോഗവത്കരണത്തിന് കുറ്റമറ്റ സംവിധാനങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ – അര്‍ധസര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളും അനുബന്ധ ഏജന്‍സികളും തങ്ങള്‍ എന്തിനു പ്രവര്‍ത്തിക്കുന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചേര്‍ന്നുള്ള പൗരാവകാശ രേഖ പ്രസിദ്ധീകരിച്ചു. ജനങ്ങള്‍ക്ക് പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് അവര്‍ ആര് ടി ഐ അപേക്ഷയുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ വരുന്നത്. അവ പരിഹരിക്കാന്‍ കഴിയുന്നവിധം അവസാന സമയംവരെ കാത്തിരിക്കാതെ വിവരം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി ഉബൈദുള്ള എം എല്‍ എ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ളവര്‍ക്ക് ആശ്വാസമാണ് വിവരാവകാശ നിയമമെന്ന് എം എല്‍ എ പറഞ്ഞു.
വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം പരിശീലന പരിപാടിക്കു നേതൃത്വം നല്കി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് നീതി നടപ്പാക്കാനുള്ള ആയുധമാണ് വിവരാവകാശ നിയമമെന്ന് അദ്ദേഹം പറഞ്ഞു. നിയമം വഴി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ നീതി ലഭിക്കും. സമൂഹത്തിലെ ഏതൊരാള്‍ക്കും ഭരണ നടപടി നീക്കങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കഴിയുമെന്നതാണ് നിയമത്തിന്റെ പ്രത്യേകത. അവരുടെ അന്വേഷണങ്ങളോട് ഉദ്യോഗസ്ഥര്‍ അനുഭാവ പൂര്‍വ്വം പ്രതികരിക്കണം. ഏതു സാധാരണക്കാരനും വിവരം അന്വേഷിക്കാം. അപേക്ഷകളില്‍ ജനപക്ഷത്ത് നിന്ന് നടപടി സ്വീകരിക്കണം.
