കറുത്ത പൊന്നിനും തിളക്കം; വിലയില്‍ വൻ കുതിപ്പ്.

കോഴിക്കോട്: സുഗന്ധവ്യഞ്ജനങ്ങളിലെ രാജ്ഞിയായ കുരുമുളകിന്റെ വിലക്കുതിപ്പ് കർഷകർക്ക് ആശ്വാസമേകുന്നു. അഞ്ചു വർഷത്തെ ഏറ്റവും കൂടിയ വിലയാണ് കുരുമുളകിന്.2021ല്‍ കിലോക്ക് 460 രൂപയായിരുന്നെങ്കില്‍ കഴിഞ്ഞദിവസം 666 രൂപയിലെത്തി വില.
ലോകത്ത് ഏറ്റവുമധികം വിപണനം ചെയ്യുന്ന സുഗന്ധവ്യഞ്ജനമായ കറുത്ത കുരുമുളകിന് വിദേശരാജ്യങ്ങളിലും വിലക്കുതിപ്പ് തുടരുകയാണ്. എന്നാല്‍ ആഭ്യന്തര വിപണിയിലെ ആവശ്യകതയുടെ സ്ഥിരതയാണ് കുരുമുളകിന് മെച്ചപ്പെട്ട വില നേടിക്കൊടുക്കുന്നത്. ഏറ്റവുമധികം വിപണിയുള്ള ബ്രസീലിനുപുറമെ വിയറ്റ്നാമിലും ഇന്തോനേഷ്യയിലും കറുത്തപൊന്നിന്റെ വില വർധിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഉല്‍പാദനം കുറയുന്നതാണ് രാജ്യാന്തര വിപണിയില്‍ വില കൂടാൻ കാരണമാകുന്നത്.
വിലകൂടിയതോടെ സംസ്ഥാനത്തെ കുരുമുളക് കർഷകർ വിളവെടുപ്പ് തുടങ്ങി. ചൂടുകാരണം വിളവ് നേരത്തേയായതും സംഭരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റക്കുറച്ചിലില്ലാതെയാണ് ഉല്‍പാദനം.
2023-24 ല്‍ 27,505 ടണ്‍ കുരുമുളകാണ് ഉല്‍പാദിച്ചത്. ഇന്ത്യയുടെ മൊത്തം കുരുമുളക് ഉല്‍പാദനം 1,25, 927 ടണ്‍ ആയിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ഗണ്യമായ തോതില്‍ രാജ്യത്ത് കുരുമുളക് ഇറക്കുമതി ചെയ്യുമ്ബോഴും ഗള്‍ഫ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ കുരുമുളകിന് വൻ ഡിമാൻഡാണെന്നാണ് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നത്.
സ്പൈസസ് ബോർഡിന്റെ കണക്കനുസരിച്ച് 2023-24ല്‍ ആഭ്യന്തര ഉല്‍പാദനത്തിനുപുറമെ 34,028 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.ഇന്ത്യയില്‍ കുരുമുളക് ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനം കർണാടകക്കാണ്. കേരളമാണ് രണ്ടാമത്.

