കൂറ്റനാട്

അനുഭവം പങ്കുവെച്ചു അസ്‌കർ ; കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ.

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും ആനക്കൊമ്പിൽ തലയിടിച്ച് ബോധരഹിതനായി അസ്കർ വീണത് ആനയുടെ കാൽച്ചുവട്ടിലാണ്. തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമാണെന്ന് അസ്കർ പറഞ്ഞു. പാപ്പാനെ കുത്തിയും ചവിട്ടിയും കൊന്ന് കലിതുള്ളിയ അനപ്പുറത്ത് നിന്നും തലനാരിഴക്ക് ജീവനോടെ രക്ഷപ്പെട്ടതിൻ്റെ നടുക്കും ഓർമ്മയിലാണ് മൂന്ന് യുവാക്കൾ. കൂറ്റനാട് ദേശോത്സവത്തിനിടെ ഇടഞ്ഞ് പാപ്പാൻ കുഞ്ഞിമോനെ ആന നിലത്തിട്ട് കുത്തിക്കൊല്ലുമ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു ആനപ്പുറത്തിരുന്ന അസ്കറും ആദിലും സുഹൈലും. പാപ്പാൻ്റെ ജീവനെടുത്ത ശേഷം വാഹനങ്ങളും തകർത്ത് കലിപൂണ്ട ആനയുടെ മുകളിൽ നിന്നും ആദിലും സുഹൈലുമാണ് ആദ്യം ചാടി രക്ഷപ്പെടുന്നത്. ഒരാൾ വാഹനത്തിന് മുകളിലേക്കും മറ്റെയാൾ ആനയുടെ പുറക് വശത്തേക്കും ചാടിയാണ് രക്ഷപ്പെട്ടത്. ഇതിനിടെ ഏറ്റവും മുന്നിൽ ഇരുന്ന പെരിങ്ങോട് മതുപ്പുള്ളി സ്വദേശി മണിയാറത്ത് വീട്ടിൽ അസ്കർ വീണത് ആനയുടെ മുൻവശത്തെ കാൽച്ചുവട്ടിലേക്കായിരുന്നു. വീഴ്ച്ചക്കിടെ ആനയുടെ കൊമ്പിൽ തലയിടിച്ചതോടെ പാതി ബോധം നഷ്ടമായാണ് ആനയുടെ കാൽചുവട്ടിലേക്ക് അസ്കർ വീഴുന്നത്. ഇതോടെ കാഴ്ചക്കാരും രക്ഷാ പ്രവർത്തകരുമെല്ലാം ഒരു നിമിഷം സ്തബ്ധരായി. അസ്കറിനെ മുൻകാല് കൊണ്ട് തട്ടിയ ആന തുമ്പികൈ കൊണ്ട് മണം പിടിച്ച ശേഷം തിരിഞ്ഞ് നടക്കുകയായിരുന്നു. സംഭവത്തിൻ്റെ നടുക്കും ദൃശ്യങ്ങളും പുറഞ്ഞ് വന്നിട്ടുണ്ട്. ആന തിരിഞ്ഞ് നടന്നതോടെ ഉടൻ തന്നെ ആളുകൾ അസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഗുരുതര പരിക്കുകളേതുമില്ലാത്തതിനാൽ അസ്കർ വീട്ടിലേക്ക് മടങ്ങിഎത്തി. കൂറ്റനാട് വലിയ പള്ളി പരിസരത്ത് നിന്നുമാണ് സുഹൃത്തുക്കളായ മൂവരും ആനപ്പുറത്ത് കയറുന്നത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button