KERALA

സ്കൂൾ പഠനം അടുത്ത വർഷം മുതൽ അടിമുടി ഡിജിറ്റൽ; സ്വയം പഠനത്തിനായി പ്രത്യേക പോര്‍ട്ടല്‍

തിരുവനന്തപുരം : സ്കൂൾ ക്ലാസ്‌മുറി സമ്പൂർണ ഡിജിറ്റലാക്കുന്ന ‘സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസപദ്ധതി’ അടുത്ത അധ്യയന വർഷം തുടങ്ങും. പഠനം മുതൽ മൂല്യനിർണയം വരെ സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതി സ്കൂൾ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റു വരെ ഏകോപിപ്പിച്ചാണ് നടപ്പാക്കുക.

പാഠ്യപദ്ധതിയനുസരിച്ച് കുട്ടികൾ ഓരോക്ലാസിലും ആർജിക്കേണ്ട പഠനനേട്ടം നിരീക്ഷിച്ച് അക്കാദമികമികവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോകുട്ടിയുടെയും സാമൂഹിക-വൈകാരിക തലവും പ്രത്യേക കഴിവുകളും കുടുംബപശ്ചാത്തലവും ഉൾപ്പെടുത്തി ‘ഡിജിറ്റൽ പ്രൊഫൈൽ’ തയ്യാറാക്കും. എല്ലാപാഠങ്ങളുടെയും ഇ-ഉള്ളടക്കം ലഭ്യമാക്കും. കുട്ടികൾക്ക് സ്വയം പഠിക്കാനാവുന്നവിധം പോർട്ടലും വികസിപ്പിക്കും.

കുട്ടികളുടെ പഠനനേട്ടവും പുരോഗതിയും അറിയാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അധ്യാപകർക്കുപുറമേ, രക്ഷിതാക്കൾക്കും ലോഗിൻ സൗകര്യമൊരുക്കും. നിരന്തരമൂല്യനിർണയവും നിരീക്ഷണവും ഡിജിറ്റലാക്കും. കുട്ടികളുടെ ‘സമഗ്ര പുരോഗതി കാർഡ്’ തയ്യാറാക്കും. പാഠഭാഗം പൂർത്തിയാക്കുന്നുണ്ടെന്ന് പോർട്ടൽവഴി നിരീക്ഷിക്കും.

വിദ്യാർഥികളുടെ വിശകലനശേഷി അളക്കാനുള്ള ചോദ്യബാങ്ക് ഓൺലൈൻവഴി തയ്യാറാക്കാൻ നേരത്തേ ഒരുക്കംതുടങ്ങിയിരുന്നു. പിന്നാക്കമുള്ള കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർ മെന്റർമാരായി പ്രവർത്തിക്കും. എല്ലാ പ്രവർത്തനവും വിദ്യാഭ്യാസവകുപ്പ് ഡാഷ് ബോർഡ് വഴി തത്സമയം നിരീക്ഷിക്കും.

ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽച്ചേർന്ന ഉന്നതതലയോഗത്തിൽ പദ്ധതി ഈവർഷം തുടങ്ങാൻ തീരുമാനിച്ചെങ്കിലും മുന്നോട്ടുപോയില്ല. ഇനി ഫെബ്രുവരി ആദ്യവാരം മന്ത്രിസഭ പരിഗണിച്ചശേഷം പദ്ധതിനിർവഹണത്തിലേക്കു കടക്കാനാണ് ധാരണ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button