പൊന്നാനിയില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.
ചങ്ങരംകുളം: പൊന്നാനിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയും സുഹൃത്തുമായ മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്ബില്‍ മനാഫി (33)നെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.ഗുരുതര പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പൊന്നാനി മുക്കാടി സ്വദേശി കളത്തില്‍പറമ്ബില്‍ കബീര്‍ (33) കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഈ മാസം 16ന് രാത്രിയാണ് കബീറിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പരിക്കേറ്റ നിലയില്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിറ്റേന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
കളിക്കുമ്ബോള്‍ വീണതാണെന്ന തെറ്റായ വിവരം നല്‍കിയാണ് സുഹൃത്തുക്കളും കബീറിന്‍റെ സഹോദരനും ചേര്‍ന്ന് കബീറിനെ ആശുപത്രിയില്‍ എത്തിച്ചത്. കബീറിന്‍റെ നില ഗുരുതരമാവുകയും മരണം സംഭവിച്ചതോടെയാണ് ബന്ധുക്കള്‍ മര്‍ദന വിവരം ആശുപത്രി അധികൃതരെയും പോലീസിനെയും അറിയിച്ചത്. കബീറിന്‍റെ തലയ്ക്ക് പിറകില്‍ കഴുത്തിന്‍റെ എല്ല് പൊട്ടുകയും ശ്വാസകോശത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരം. കബീറിന്‍റെ നില അതീവഗുരുതരമാണെന്ന് മനസിലാക്കിയ സുഹൃത്തുക്കള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വൈക്കത്ത് പെണ്‍ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ മനാഫിനെ വൈക്കം പോലീസിന്‍റെ സഹായത്തോടെയാണ് അന്വേഷണ സംഘം പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിര്‍ദേശ പ്രകാരം തിരൂര്‍ ഡിവൈഎസ്പി ഇ. ബാലകൃഷ്ണന്‍, പൊന്നാനി സിഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ കൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന പതിനഞ്ചോളം പേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.