കടുത്തനിയന്ത്രണങ്ങൾക്കിടെയും ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 145 വിവാഹങ്ങൾ.

തൃശൂർ: ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്കിടയിലും ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നടന്നത് 145 വിവാഹങ്ങൾ. ദിവസങ്ങൾക്ക് മുമ്പ് തന്നെ 162 വിവാഹങ്ങളാണ് ഇന്നത്തേക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 17 വിവാഹങ്ങൾ റദ്ദാക്കി. പുലർച്ചെ അഞ്ച് മുതൽ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടർന്നു.
തിരക്കിനനുസരിച്ച് മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം നൽകിയത്. പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ഏറെ ബുദ്ധിമുട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.
ക്ഷേത്രനടയിൽ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേൽപത്തൂർ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളേയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടുകയായിരുന്നു. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിച്ചതുമില്ല. ഇന്ന് ദർശനത്തിനും ഭക്തജനതിരക്കനുഭവപ്പെട്ടു.
