നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി; പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു
പൊന്നാനി ∙ മാറഞ്ചേരിയെയും പൊന്നാനിയെയും ബന്ധിപ്പിച്ച് പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു.. പുളിക്കക്കടവിൽ വിസ്മയിപ്പിക്കുന്ന കായൽ ടൂറിസം കേന്ദ്രം അടുത്ത മാസം തുറക്കും. റോപ് വേ തുടങ്ങുന്നതിനായി നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി. ഒന്നര കോടി രൂപയുടെ പദ്ധതിയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്. കരാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. അടുത്തമാസം പാർക്ക് തുറക്കുമെന്നാണ് നഗരസഭാധികൃതർ നൽകുന്ന ഉറപ്പ്. വ്യത്യസ്തമായ പന്ത്രണ്ടോളം റൈഡുകൾ കായലോരത്ത് ഒരുക്കും. നിലവിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് അതിമനോഹരമാക്കിയ കായൽതീരം രാത്രിയിൽ ഉത്സവഛായയിലാണ്. ഒട്ടേറെപ്പേർ ഇപ്പോൾ തന്നെ കായലോരത്തേക്ക് എത്തുന്നുണ്ട്. പുതിയ പാർക്ക് കൂടി തുറന്നാൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജില്ലയിലെ കായൽ ടൂറിസം പ്രദേശമായി പുളിക്കക്കടവ് മാറുമെന്നാണ് പ്രതീക്ഷ. കരാർ വ്യവസ്ഥ പ്രകാരം വർഷം 2.9 ലക്ഷം രൂപ കരാറുകാർ നഗരസഭയ്ക്ക് നൽകണം. ഇതിനു പുറമേ ടിക്കറ്റിൽ 10% വിനോദ നികുതിയും നഗരസഭയ്ക്കു ലഭിക്കും. ഓരോ വർഷവും നഗരസഭയുടെ ലാഭ വിഹിതത്തിലും 10% വർധന വരുത്തും. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കായലിന്റെ ഇരു കരകളിലുമായി ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായിരുന്ന തൂക്കുപാലത്തിന്റെയും അവഗണനയിൽ കിടക്കുന്ന ടൂറിസം പ്രദേശത്തിന്റെയും ദുരവസ്ഥ മനോരമ ‘അനാസ്ഥയുടെ തുരുമ്പ് പാലം’ എന്ന പരമ്പരയിലൂടെ പുറത്തു കൊണ്ടു വന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരസഭയിൽ അനുകൂല നീക്കങ്ങളുണ്ടായത്.