പട്ടാമ്പി പുതിയ പാലം: കരാർ നടപടികൾ ആരംഭിച്ചെന്ന് എംഎൽഎ

പട്ടാമ്പി ∙ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള പട്ടാമ്പി പുതിയ പാലത്തിന്റെ ടെന്‍ഡര്‍ നടപടികൾ ആരംഭിച്ചെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ. പാലത്തിന്റെ നിർമാണത്തിനു ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. സാങ്കേതിക അനുമതി വേഗത്തിൽ ലഭിക്കാനായി ഉദ്യോഗസ്ഥരുമായി ചർച്ച നടന്നിരുന്നു. കിഫ്ബി അധികൃതരും കേരള റോഡ് ഫണ്ട് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണു പദ്ധതിയുടെ സാങ്കേതിക അനുമതി ലഭിച്ചത്. എത്രയും വേഗത്തിൽ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനം. ഈ മാസം തന്നെ നടപടികൾ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു പട്ടാമ്പിയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ പുതിയ പാലത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാവുന്നത്. സങ്കീർണമായ പ്രശ്നങ്ങളാണു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായത്. പദ്ധതിയുടെ അപ്രൂവ് ചെയ്ത ഡിസൈനിൽ അടക്കം ഭാരതപ്പുഴയിൽ മുന്‍പ് ഒരിക്കലും സംഭവിക്കാത്ത തരത്തിലുള്ള വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. പാലത്തിന്റെ കിഴക്കു വശത്തു കൂടെ റെയിൽവേ ലൈൻ പോകുന്നതിനാല്‍ തന്നെ ഒരു പരിധിയിലധികം ഉയരത്തിൽ പാലം നിർമാണം സാധ്യവുമായിരുന്നില്ല.
ഡിസൈനിൽ പലതവണ മാറ്റങ്ങൾ വരുത്തേണ്ടി വന്നിരുന്നു. 52 കോടി 58 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണു പാലം നിർമാണത്തിനു ലഭിച്ചിട്ടുള്ളത്. 50 മീറ്റര്‍ നീളവും 13.5 മീറ്റർ വീതിയിലുമാണു പാലം നിർമിക്കുന്നത്. പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേർത്തതും വളരെ നല്ല രീതിയിലുള്ള പാക്കേജ് അവർക്കായി അനുവദിച്ചതുമാണു പദ്ധതിയുടെ ഗതിവേഗത്തിനു കാരണമെന്നു മുഹമ്മദ് മുഹസിന്‍ എംഎല്‍എ അറിയിച്ചു.
