ബൈക്കിലെത്തി അംഗൻവാടി അധ്യാപികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റിൽ
വളാഞ്ചേരി: അംഗൻവാടി അധ്യാപികയുടെ സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരനെ വളാഞ്ചേരി പൊലീസ് പിടികൂടി.കാവുംപുറം പാറപ്പള്ളിയിൽ മുഹമ്മദ് റഫീഖിനെയാണ്(39) പൊലീസ് അറസ്റ്റു ചെയ്തത്. പൊന്നാത്ത് പരേതനായ കുട്ടിശങ്കരൻ നായരുടെ മകൾ കൃഷ്ണ നിവാസിൽ അജിതയുടെ(54) മൂന്നു പവൻ മാലയാണ് കവർന്നത്. 24ന് നാലരയോടെയാണ് സംഭവം.
അംഗൻവാടിയിൽനിന്ന് കോഴിക്കോട് റോഡിലെ പെട്രോൾ പമ്പിന് പിറകുവശത്തെ റോഡിലൂടെ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വളാഞ്ചേരിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മോഷ്ടിച്ച സ്വർണം വാങ്ങിയ കുറ്റത്തിനു ജ്വല്ലറി ഉടമ ദത്ത സേട്ടി(54)നെയും അറസ്റ്റു ചെയ്തു. ഇരുവരെയും തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. അന്വേഷണ സംഘത്തിൽ വളാഞ്ചേരി എസ്.എച്ച്.ഒ കമറുദ്ദീൻ വള്ളിക്കാടൻ, എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി ഒ ജയപ്രകാശ്, സി.പി.ഒമാരായ ഗിരീഷ്, വിനീത്, ശൈലേഷ്, രജിത എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്