Local newsMALAPPURAM

‘അടിച്ചു മോളേ.. രാധ വീണില്ല; ഒന്നുകൂടെ വായിച്ച് ഉറപ്പിച്ചു, 10 കോടി

ഇവർ ഇനി ഭാഗ്യസേനപരപ്പനങ്ങാടി ∙ ജീവിത പ്രാരബ്ധങ്ങളുടെ ഉപ്പുരസമുള്ള ചില്ലറത്തുട്ടുകൾ കൂട്ടിച്ചേർത്ത് 11 വനിതകളെടുത്ത ടിക്കറ്റിന് കേരള ലോട്ടറിയുടെ ബംപർ സമ്മാനം. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള മൺസൂൺ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമസേനാംഗങ്ങൾക്കാണ്.പി.കാർത്യായനി, എം.പി.രാധ, ഷീജ മാഞ്ചേരി, പി.ചന്ദ്രിക, പാർവതി കുറുപ്പൻകണ്ടി, കുട്ടിമാളു ചെറുകുറ്റിയിൽ, ലക്ഷ്മി പുല്ലാഞ്ചേരി, ലീലാ ഭരതൻ, ശോഭാ കൂരിയിൽ, ബേബി ചെറുമണ്ണിൽ, കെ.ബിന്ദു എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണു സമ്മാനം. ഏജൻസി കമ്മിഷനും നികുതിയും കിഴിച്ചു ലഭിക്കുന്ന 6.3 കോടി രൂപ ഇവർ വീതിച്ചെടുക്കും. വീടുകളിലെത്തി അജൈവ മാലിന്യം ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന ഹരിതകർമസേനയിൽ 3 വർഷമായി ജോലി ചെയ്യുന്ന എല്ലാവരും നഗരസഭാപരിധിയിൽ താമസക്കാരാണ്. മാസം 6,000 മുതൽ 7,000 രൂപവരെ മാത്രം വരുമാനമുള്ളവർ.

മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്യുന്നിടത്തെത്തിയ വിൽപനക്കാരനിൽനിന്നു കഴിഞ്ഞ മാസം 15ന് ആണ് ടിക്കറ്റെടുത്തത്. ‘ഞങ്ങളുടെ എല്ലാ ഭാഗ്യങ്ങൾക്കും കാരണം ഹരിതകർമസേനയാണ്. ലോട്ടറി അടിച്ചെങ്കിലും ഞങ്ങൾ ഈ ജോലി ഉപേക്ഷിക്കില്ല’. ബംപറിച്ചതോടെ ലക്ഷാധിപതികളായി മാറിയ വനിതകൾ ഒറ്റസ്വരത്തിൽ പറയുന്നു. 25 രൂപ വീതം വീതം പങ്കുനൽകിയാണിവർ 250 രൂപയുടെ ടിക്കറ്റെടുത്തത്. 11 ൽ 2 പേർക്ക് പണം തികയാതെ വന്നപ്പോൾ അവർ പന്ത്രണ്ടര രൂപ വീതമെടുത്തു. രാധയാണ് ടിക്കറ്റ് സൂക്ഷിച്ചത്.വർഷങ്ങളായി കഠിനാധ്വാനം ചെയ്തിട്ടും ജീവിത പ്രാരബ്ധങ്ങൾ മാത്രം ബാക്കിയിരിപ്പായുള്ളവരാണു വിജയികളെല്ലാം. കാശെന്തു ചെയ്യുമെന്നു ചോദിച്ചാൽ ജീവിതം തൊടുന്ന ഉത്തരങ്ങളാണ് എല്ലാവർക്കും: ‘വീടൊന്നു നന്നാക്കണം, കടങ്ങൾ വീട്ടണം. ഭർത്താവിന്റെ, മക്കളുടെ ജീവിതപ്രയാസങ്ങളിൽ കൈത്താങ്ങാകണം…’ .ചിരിയും കളിയുമായി അഭിനന്ദനങ്ങൾക്കു നടുവിൽനിന്നു പിരിയുമ്പോൾ വിജയികൾ‌ പരസ്പരം പറഞ്ഞു: ‘നാളെ പണിക്കുവരണേ… കാണണം…’

‘അടിച്ചു മോളേ.. രാധ വീണില്ല; ഒന്നുകൂടെ വായിച്ച് ഉറപ്പിച്ചു‘അടിച്ചു മോളേ’.

ആദ്യം രാധയ്ക്ക് അങ്ങനെ അലറി വിളിക്കാനാണ് തോന്നിയത്. അത് ഉള്ളിലൊതുക്കി വീണ്ടും മൊബൈലിൽ തെളിഞ്ഞ അക്കം വായിച്ചു. നമ്പർ എംബി 200261 തന്നെ. ഒന്നു കൂടി വായിച്ച് ഉറപ്പിച്ച ശേഷം കൂടെയുണ്ടായിരുന്നവരോട് പറഞ്ഞു. മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം തങ്ങളെത്തേടിയെത്തിയിരിക്കുന്നുവെന്ന് പരപ്പനങ്ങാടിയിലെ ഹരിത കർമസേനാംഗങ്ങൾ ആദ്യം അറിഞ്ഞത് അങ്ങനെയാണ്.ജൂൺ 15ന് തന്നെ ടിക്കറ്റെടുത്തിട്ടുള്ളതിനാൽ നറുക്കെടുപ്പു വാർത്തയ്ക്കായി ഇവർ കാതോർത്തിരുന്നു. പക്ഷേ വിജയി പാലക്കാട്ടാണെന്നു കേട്ടതോടെ ആഗ്രഹങ്ങൾ ചവറ്റുകുട്ടയിലേക്ക്. ഇന്നലെ ജോലിയുടെ ഇടവേളയിൽ ഒന്നുകൂടി ഫലം പരതുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണിലെ ടിക്കറ്റിന്റെ ചിത്രം പരിശോധിച്ചു. ദേ, കിടക്കുന്നു ബംപർ സമ്മാനം അടിച്ച വിവരം. സ്ഥിരീകരിക്കാനായി ടിക്കറ്റ് നമ്പർ പലർക്കും അയച്ചുകൊടുത്തു. എല്ലാവരും സ്ഥിരീകരിച്ചു. ഉടൻ നഗരസഭയിലെ ജീവനക്കാർക്കൊപ്പം പരപ്പനങ്ങാടിയിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലെത്തി ടിക്കറ്റ് നൽകി.

ബംപർ ലോട്ടറിയടിച്ച യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പലരും വിതുമ്പി. ചിലർ ജീവിത പ്രാരബ്ധങ്ങൾ എണ്ണിപ്പറഞ്ഞു. അഭിനന്ദിക്കാനായി ആളുകൾ കൂടിയപ്പോൾ എല്ലാവരുടെയും മുഖത്ത് നിറകൺചിരി.ദിവസവും അജൈവ മാലിന്യം അന്വേഷിച്ച് ഇവർ ചെല്ലുന്നതാണ് പതിവ്. വാർത്തയറിഞ്ഞതോടെ നഗരസഭാ അധ്യക്ഷനും ജീവനക്കാരും നാട്ടുകാരുമെല്ലാം ഇങ്ങോട്ട് തേടിയെത്തി. പിന്നീട്, നഗരസഭയ്ക്കു പിന്നിൽ മാലിന്യം വേർതിരിക്കുന്ന സ്ഥലം ഒരു ഓപ്പൺ സ്റ്റേജായി മാറി.അവിടെ, ഹരിത കർമ സേനയുടെ യൂണിഫോമുമിട്ട് 11 പേർ. വരുന്നവരുടെയെല്ലാം മുഖത്ത് സന്തോഷച്ചിരി. നാടിനെ ശുചിയാക്കുന്നവരെത്തേടിയെത്തിയ അപൂർവ ഭാഗ്യം നാട്ടുകാരെല്ലാം സ്വന്തം സന്തോഷമായി ഏറ്റെടുത്തു. ‘അർഹിക്കുന്നവർക്ക് തന്നെയാണ് ലോട്ടറിയടിച്ചത്. ലോട്ടറിയടിക്കുന്ന വാർത്ത എപ്പോഴും മനസ്സിൽ ചെറിയ അസൂയയാണുണ്ടാക്കുന്നത്. ഇത് കേട്ടപ്പോൾ മനസ്സ് നിറയെ സന്തോഷം’– പരപ്പനങ്ങാടിയിലെ വർക്‌ഷോപ് ജീവനക്കാരനായ പ്രദീപ് പറഞ്ഞു. നാട്ടുകാരുടെയെല്ലാം മനസ്സ് ആ വാക്കുകളിലുണ്ടായിരുന്നു.English Summary: Kerala state

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button