വൻ കഞ്ചാവ് വേട്ട 81 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശിയടക്കം 3 പേർ പിടിയിൽ
പാലക്കാട് : മീനാക്ഷി പുരത്ത് സംസ്ഥാന അതിർത്തിയായ നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡാൻസാഫ് ) മീനാക്ഷിപുരം പോലീസും രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇന്ന് 26.07.2023 തിയ്യതി നടത്തിയ പരിശോധനയിൽ ബൊലേറോ ജീപ്പിൽ കടത്തിയ 81 കിലോഗ്രാം കഞ്ചാവുമായി രണ്ട് പാലക്കാട് സ്വദേശികളും ,ഒരു മലപ്പുറം സ്വദേശിയും പിടിയിൽ. 1.രാജേഷ് വയസ്സ് 24, S/O രാജപ്പൻ, കോഴിപ്പാറ, M. K. സ്ട്രീറ്റ്, വേലന്താവളം, കോഴിപ്പാറ, പാലക്കാട് ജില്ല 2 .ഷാഫി ,വയസ്സ് 35, S/O ഉസ്മാൻ, കൂരിമണ്ണിൽ വീട്, ആനക്കയം ,മഞ്ചേരി ,മലപ്പുറം ജില്ല 3. ദിലീപ് വയസ്സ് 26, S/O കാശി , നീലിപ്പാറ, കോഴിപ്പാറ പി.ഒ, വേലന്താവളം, പാലക്കാട് ജില്ല എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചത്. വൻ തോതിൽ കഞ്ചാവ് കടത്തിയിരുന്ന പ്രതികൾ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ കഞ്ചാവ് കേസുകളിലൊന്നാണിത്. പ്രതികളുൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതി ഷാഫി മലപ്പുറം കോട്ടക്കലിൽ കവർച്ച കേസിലും പ്രതിയാണ് . പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡി.വൈ.എസ്.പി. സുന്ദരൻ, നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ പൗലോസ്.എം.വി യുടെ നേതൃത്വത്തിലുള്ള മീനാക്ഷിപുരം പോലീസും, കൊഴിഞ്ഞാമ്പാറ സബ്ബ് ഇൻസ്പെക്ടർ സുജിത്തും , സബ്ബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടികൂടിയത്.