ഉമ്മന്‍ ചാണ്ടി കടന്നുപോയി, അതിവേഗം…. ബഹുദൂരം (1943-2023)
കോട്ടയം: ജനമനസ്സുകളില്‍ മായാത്ത സ്മരണ സൃഷ്ടിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും ഒരിക്കല്‍ ഉമ്മന്‍ ചാണ്ടി പഴയപോലെ ജനക്കൂട്ടത്തിനിടയിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വീകരിച്ച നയം- അതിവേഗം ബഹുദൂരം- പോലെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ജനങ്ങളെ ഭരിക്കുകയല്ല, നയിക്കുന്നവനാണ് ജനനായകനായ ഒരു നേതാവെന്ന് അദ്ദേഹം മനസ്സിലാക്കികൊടുത്തു.
കാരുണ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര, വികസനമായിരുന്നു നയം. ജനക്ഷേമവും വികസനവും ഒരുപോലെ കൊണ്ടുപോയ ജനനായകന്. സഹജീവിയുടെ ദുഃഖം കേട്ടാല്‍ ആര്ദ്രമാകുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റെ സ്വത്ത്. ആള്‍ക്കുട്ടമായിരുന്നു ആവേശം. 1943 ഒക്ടോബര്‍ 31ന് ജനിച്ച് 2023 ജൂലായ് 18ന് വിടവാങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കരുതലിന്റെ കരസ്പര്‍ശം ഏല്‍ക്കാത്ത ഒരു മനുഷ്യന് പോലും മലയാളികളില്‍ കാണില്ല. കൊച്ചി മെട്രോയും സ്മാര്‍ട് സിറ്റിയും വിഴിഞ്ഞം തുറമുഖവും കണ്ണൂര്‍ വിമാനത്താവളവുമടക്കം അദ്ദേഹത്തിന്റെ കരസ്പര്‍ശമേറ്റ വന്‍കിട പദ്ധതികള്‍ നിരവധിയാണ്.
പൊതുസമൂഹത്തില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയുടെ അടയാളമായിരുന്നു ജനസമ്പര്‍ക്ക പരിപാടി. ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും അഴിയാകുരുക്കുകള്‍ക്കും അവിടെ പരിഹാരം കണ്ടിരുന്നു. ജനങ്ങളുടെ സ്വാന്തനമായിരുന്നു ഉമ്മന്‍ ചാണ്ടി. യു.എന്‍ വരെ അംഗീകരിച്ച പരിപാടിയായിരുന്നു ജനസമ്പര്‍ക്ക പരിപാടി. കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം മുതല്‍ മുഖ്യമന്ത്രിയായപ്പോഴും ജനങ്ങള്‍ക്കിടയില്‍ മാത്രമാണ് ഉമ്മന്‍ ചാണ്ടി ജീവിച്ചത്. ജനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആവേശം. കോട്ടയത്തെ വീട്ടിലും തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലും എന്തിനേറെ സഞ്ചരിക്കുന്ന കാറില്‍ പോലും ആള്‍ക്കൂട്ടമാണ്. ഉമ്മന്‍ ചാണ്ടി എവിടെയുണ്ടോ അവിടെ ഒരു ആള്‍ക്കൂട്ടം എപ്പോഴും കാണും. എല്ലാവരേയും കണ്ണുമടച്ച് വിശ്വസിക്കുകയും ആര്‍ക്കും തന്റെ ഇടങ്ങളില്‍ കടന്നുവരാനുള്ള സ്വാതന്ത്ര്യവും നല്‍കുകയും ചെയ്ത നേതാവായിരുന്നു. അദ്ദേഹം നല്കിയ സ്വാതന്ത്ര്യം പലരും ദുരുപയോഗം ചെയ്തതും അതിന്റെ പേരില്‍ ഓഫീസ് വരെ ആരോപണ നിഴലില്‍ വന്നതും എത്ര പേര് കാണാന്‍ വന്നാലും ആരെയും മുഷിപ്പിക്കാതെ, ഒരു വിഷമവും പ്രകടിപ്പിക്കാതെ രാത്രി എത്ര വൈകിയാലും മുഴുവന്‍ ആളുകളെയും കണ്ടശേഷമേ അദ്ദേഹം ഉറങ്ങാറുള്ളു. തന്റെ പക്കല്‍ വരുന്ന ഫയലുകളും പരാതികളും നിവേദനങ്ങളും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന പതിവ് അദ്ദേഹത്തിനില്ല. അര്‍ഹതപ്പെട്ട ഒരാള്‍ക്ക് തന്റെ ഒരു കയ്യൊപ്പ് കൊണ്ട് കിട്ടേണ്ട സഹായം, പരിഹാരം ഒട്ടും തന്നെ വൈകരുതെന്ന നിലപാടാണ് അതിനു കാരണം.അര്‍ഹതപ്പെടാത്ത പലരും സഹായത്തിനായി തന്നെ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. അവരോടും മറുത്തൊന്ന് പറയാതെ കത്ത് നല്കി മടക്കി അയക്കും. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പെടെ ആരോടും ദേഷ്യമോ പകയോ അദ്ദേഹത്തിന് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏതൊരു എതിരാളിയേയും സ്നേഹം കൊണ്ട് കീഴടക്കാന്‍ അദ്ദേഹത്തിന് അപാരമായ കഴിവായിരുന്നു. ആരോടും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. വിവാദ വിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ മറുപടി പറയാന്‍ പറ്റില്ലെങ്കില്‍ അതും ചിരിച്ച് തള്ളി തോളില്‍തട്ടി നടന്നുപോകുകയായിരുന്നു പതിവ്. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് തന്നെ കല്ലെറിഞ്ഞ ചെറുപ്പക്കാരനോടും ക്ഷമിക്കാനും ചേര്‍ത്തുപിടിക്കാനും ഉമ്മന്‍ ചാണ്ടിക്ക് മാത്രമേ കഴിയൂ. സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തെ രാഷ്ട്രീയമായും വ്യക്തിപരമായും കുടുംബത്തെ പോലും വേട്ടയാടിയപ്പോഴും എതിരാളികളോട് ഒരു മുഷിപ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല.ആരോപണങ്ങളെല്ലാം രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം ചിരിച്ചുകൊണ്ട് നേരിട്ടു. ഒരുപക്ഷേ, ഒരു മനുഷ്യന് താങ്ങാന്‍ പറ്റാത്ത ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് അദ്ദേഹം നേരിട്ടത്. രോഗബാധിതനായതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ നിന്ന് മറ്റൊരാളെ നിയമസഭയിലേക്ക് അയക്കാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ വാശിപിടിച്ചതോടെ അവര്‍ക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടി കീഴടങ്ങി. അസുഖ ബാധിതനായി ചികിത്സയില്‍ പ്രവേശിച്ച നാളുകളായിരിക്കും അദ്ദേഹത്തിന്റെ പൊതുജീവിതത്തില്‍ ലഭിച്ച വിശ്രമ നാളുകള്‍. വളരെ വേഗത്തിലാണ് ഉമ്മന്‍ ചാണ്ടി നടന്നിരുന്നത്. 79ാം വയസ്സില്‍ അതുപോലെ വളരെ വേഗത്തില്‍ അദ്ദേഹം കടന്നുപോയി. അതിവേഗം… ബഹുദൂരം കടന്നുപോയി. ഇത്തവണ ആള്‍ക്കൂട്ടമില്ല, ഒറ്റയ്ക്കാണ് യാത്ര. പുതുപ്പള്ളി പള്ളിയില്‍ ഇനി ഞായറാഴ്ചകളില്‍ ഉമ്മന്‍ ചാണ്ടി വരില്ല. വ്യാഴാഴ്ച പള്ളിയില്‍ അവസാനമായി എത്തുന്ന അദ്ദേഹം ഇനിയുള്ള കാലം അവിടെ അന്ത്യവിശ്രമം കൊള്ളും.ബംഗലൂരു ഇന്ദിരാനഗറിലെ ടി.ജോണിന്റെ വസതിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. ഭൗതികദേഹം ബംഗലൂരു നഗരത്തിന്റെ ആദരാഞ്ജലി ഏറ്റുവാങ്ങി ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇവിടെ അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും കെപിസിസി യിലും പൊതുദര്‍ശനം നടക്കും. നാളെ രാവിലെ എം.സി റോഡ് വഴി കോട്ടയത്തേക്ക് വിലാപ യാത്ര. തിരുനക്കര മൈതാനത്തും തുടര്‍ന്ന് പുതുപ്പള്ളിയിലെ വീട്ടിലും പൊതുദര്‍ശനം. മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ സംസ്കാരം നടക്കും. സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കെപിസിസിയുടെ പൊതു വ്യക്തി നിയമം ജനസദസ്സ് മാറ്റിവച്ചു.നാളെ നിശ്ചയിച്ചിരുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും മാറ്റി. എന്‍.എസ്.എസ് സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്കി. സര്‍ക്കാര്‍, പൊതുമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഇന്ന് അവധിയാണ്.