Local newsMALAPPURAM

ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തിൽ പരാതിയില്ല; നടപടിയും

മങ്കട∙ ബ്ലോക്ക് പഞ്ചായത്തിലെ ചൈൽഡ് ഡവലപ്മെന്റ് ഓഫിസിലെ ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തിൽ നടപടി ആയില്ല. രേഖാമൂലം പരാതി നൽകാത്തതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെതിരെ കൊളത്തൂർ പൊലീസിനു കേസെടുക്കാനായില്ല. അംഗം ചൂണ്ടിക്കാട്ടിയ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണെന്ന കാര്യത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരേ അഭിപ്രായക്കാരാണ്. അങ്കണവാടിയിലെ വർക്കർ, ഹെൽപർ തസ്തികകളിലേക്ക് 3 വർഷത്തിനുള്ളിൽ ഒട്ടേറെ അപേക്ഷകളാണ് ഈ ഓഫിസിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നിയമന നടപടികൾ വൈകുകയാണെന്നാണു പരാതി ഉയരുന്നത്.മേയ് 31ന് ആണ് മങ്കട ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ സിഡിപിഒ വിരമിച്ചത്. പിന്നീട് മലപ്പുറം മഞ്ചേരി നഗരസഭകളിലെ സിഡിപിഒ ചുമതലയുള്ള എ.റീനയ്ക്ക് മങ്കടയിലെ ചുമതല ഒരു മാസം മുൻപാണു നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 185 അങ്കണവാടികളിൽ 3 വർഷത്തിലേറെയായി നിയമനങ്ങൾ നടന്നിട്ടില്ല. 179 ദിവസത്തേക്ക് താൽക്കാലികമായി നിയമനങ്ങൾ നടത്തിയാണ് നിലവിൽ അങ്കണവാടിയിലെ ജീവനക്കാരുടെ കുറവുകൾ നികത്തുന്നത്.

2020 മുതലുള്ള നിയമനങ്ങൾ നടത്തുന്നതിന് എന്തുകൊണ്ട് സിഡിപിഒ ഓഫിസിൽനിന്ന് നടപടികൾ സ്വീകരിക്കുന്നില്ല എന്നു ചോദിച്ചാണ് ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങാട് അംഗം പി.ഷറഫുദ്ദീൻ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കീഴിലെ മങ്കട, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, കൂട്ടിലങ്ങാടി, കുറുവ, മൂർക്കനാട് പഞ്ചായത്തുകളിലായി ഒട്ടേറെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അതത് പഞ്ചായത്തുകളിലെ നിർദിഷ്ട സമിതിയാണ് നിയമനവുമായി ബന്ധപ്പെട്ട ലിസ്റ്റ് തയാറാക്കി നൽകേണ്ടത്. എല്ലാ പഞ്ചായത്തുകളിൽനിന്നും ഇത്തരത്തിൽ അപേക്ഷകളുടെ ലിസ്റ്റ് ലഭിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി അനുസരിച്ച് 3 മാസത്തിനകം നിയമനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഡിപിഒ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button