പൊലീസ് തുനിഞ്ഞിറങ്ങി ഒറ്റ ദിവസം 790 കേസ്, 190 പേർ പിടിയിൽ, 9 ലക്ഷം രൂപ പിഴ
മലപ്പുറം∙ സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. ഒറ്റദിവസം റജിസ്റ്റർ ചെയ്തത് 790 കേസുകൾ. പിടികൂടിയത് 190 പേരെ. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനു മാത്രം പിഴ ഈടാക്കിയത് 9 ലക്ഷം രൂപ.പരിശോധനയിൽ വീസ തട്ടിപ്പ് കേസിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ 24 വർഷത്തിനു ശേഷം പിടികൂടി. പൊന്നാനിയിൽ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിക്കുന്നതിടെ വീസ നൽകാമെന്നു പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ വാങ്ങി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മുങ്ങിയ ആലുവ സ്വദേശി വാഴക്കാലപറമ്പിൽ സാലിഹിനെ (60) ആണ് പൊന്നാനി പൊലീസ് പിടികൂടിയത്. കൽപകഞ്ചേരി മമ്മാലിപ്പടിയിൽ നടത്തിയ പരിശോധനയിൽ വളവന്നൂർ കുറുക്കോളിലെ രാമനാലിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലമിന്റെ (32) കയ്യിൽനിന്ന് 80.10 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി. ഇതടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലഹരി വിൽപനക്കാർ, ഒറ്റനമ്പർ ലോട്ടറിക്കാർ, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ തുടങ്ങിയവർ പിടിയിലായി. ലഹരി ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം 125 കേസുകൾ റജിസ്റ്റർ ചെയ്തു. അനധികൃത മണൽക്കടത്തിന് 5 കേസുകൾ റജിസ്റ്റർ ചെയ്തു. 3 പേരെ അറസ്റ്റ് ചെയ്തു. അനധികൃത ലോട്ടറി ചൂതാട്ടവുമായി ബന്ധപ്പെട്ട് 48 കേസുകൾ എടുത്തു. അനധികൃതമായി മദ്യം കൈവശം വയ്ക്കുകയും വിൽപന നടത്തുകയും ചെയ്തതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 113 കേസുകളാണ് റജിസ്റ്റർ ചെയ്തത്. 17.5 ലീറ്റർ വിദേശമദ്യവും പിടികൂടി. പരിശോധനയിൽ 5614 വാഹനങ്ങളാണ് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്.