വലിയകുന്നിൽ 2 ക്ഷേത്രങ്ങളിൽ പൂട്ട് തകർത്ത് മോഷണം


വളാഞ്ചേരി ∙ ഇരിമ്പിളിയം വലിയകുന്നിൽ 2 ക്ഷേത്രങ്ങളിൽ മോഷണം. ഒരിടത്ത് ശ്രീകോവിൽ പൂട്ടുപൊളിച്ച നിലയിൽ. രണ്ടിടങ്ങളിലും ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വലിയകുന്ന് നരസിംഹമൂർത്തി ക്ഷേത്രം, സമീപത്തുള്ള അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് തിങ്കൾ വെളുപ്പിന് മോഷണം നടന്നത്. നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ടു പൊളിച്ച നിലയിലാണ്.
ശ്രീകോവിലിന് അകത്ത് മോഷ്ടാക്കൾക്ക് കടക്കാനായില്ല. മണ്ഡപത്തിനു സമീപം സ്ഥാപിച്ച ഭണ്ഡാരം പൊളിച്ച് പുറത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ മാസം 23ന് ക്ഷേത്രക്കമ്മിറ്റി ഭണ്ഡാരം തുറന്നിരുന്നു. അയ്യപ്പക്ഷേത്രം ശ്രീകോവിലിന്റെ പൂട്ടു പൊളിച്ച നിലയിലാണ്. ശ്രീലകത്ത് നിന്ന് കാര്യമായി ഒന്നു നഷ്ടപ്പെട്ടിട്ടില്ലെന്ന് തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞു.
പുറത്ത് സോപാനത്തിനു ഇരുഭാഗങ്ങളിലും നടപ്പുരയ്ക്കു സമീപവുമുള്ള ഭണ്ഡാരങ്ങളാണ് അടർത്തിയെടുത്ത് തകർത്തിട്ടുള്ളത്. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറ തലതിരിച്ചു മറച്ച നിലയിലാണ്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ന്വേഷണം തുടങ്ങി.
