ലഹരിക്കെതിരെ തെരുവ് നാടകവുമായി വിദ്യാർഥിക്കൂട്ടം
എടപ്പാൾ :വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാൻ വിദ്യാർഥികളുടെ തെരുവ് നാടകം. കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു പി വിഭാഗം വിദ്യാർഥികളാണ് ജാഗരം എന്ന തെരുവ് നാടകവുമായി രംഗത്തെത്തിയത്. സ്കൂളുകളിലും കലാലയങ്ങളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗവും അതിന്റെ ഭാഗമായി കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന അരക്ഷിതാവസ്ഥയുമാണ് നാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത്.
ആതവനാട് മർക്കസ് ഐടിഇ യിലെ അധ്യാപക വിദ്യാർഥി സി സാനന്ദ് രചന നിർവഹിച്ച് കെ കെ നിഷിദ സംവിധാനം ചെയ്ത തെരുവ് നാടകത്തിൽ സ്കൂളിലെ യു പി വിഭാഗം വിദ്യാർഥികളായ ദേവനന്ദ, നിവേദ്, ഫമ്ന ഷെറിൻ, കിരൺ, ലുബ്ന, മാളവിക, നിരോശ്, സൽമാൻ, ഷമല, ശ്രയൻ, ആദർശ്, അർജുൻ എന്നിവർ കഥാപാത്രങ്ങളായി.
നാടകത്തിന് ഷഹീമം ഷൗക്കത്തലി, കെ കെ രഹ് ന, എം എൻ നിത്യ അധ്യാപകരായ പി സജിത, സി സുനിത, എം വി സുധൻ, ഷാഫി പള്ളിക്കര, സി എസ് വൈശാഖ്, ഡിവിൻ ഡിക്സൺ എന്നിവർ നേതൃത്വം നൽകി.