GULF

പൊന്നാനി കൂട്ടായ്മയുടെ ബഹറൈന്‍ പൊന്നോത്സവ് സംഘടിപ്പിച്ചു

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ സർവ്വതോന്മുഖമായ പുരോഗതിക്കായ് പ്രവർത്തിച്ചു വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യൂഎഫ്) ബഹ്റൈൻ ചാപ്റ്റർ മുന്നാം വാർഷികത്തിന്റെ ഭാഗമായി കെസിഎ ഹാളിൽ സംഘടിപ്പിച്ച ‘പൊന്നോത്സവ് 2023’ വിവിധങ്ങളായ പരിപാടികളാൽ ശ്രദ്ധേയമായി. പൊന്നോത്സവിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പിസിഡബ്ല്യുഎഫ് ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.

സ്വാശ്രയ പൊന്നാനി കമ്പനി ചെയർമാൻ ഡോ:അബ്ദുറഹ്മാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ ചെമ്പൻ ജലാൽ, ബഷീർ അമ്പലായി, സലിം കളക്കര (പിസിഡബ്ല്യൂഎഫ് സഊദി), ശിഹാബ് കറുകപുത്തൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. പിസിഡബ്ല്യുഎഫ് ബഹറൈൻ ഘടകം പ്രസിഡന്റ് ഹസൻ വിഎം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ പി കടവ് സ്വാഗതവും, ട്രഷറർ സദാനന്ദൻ കണ്ണത്ത് നന്ദിയും പറഞ്ഞു.

കുടുംബ സംഗമം, കുട്ടികളുടെ കലാപരിപാടികൾ, പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിജയികൾക്ക് അനുമോദനം, സ്നേഹാദരവ്, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, മെഗാ ഒപ്പന, സ്റ്റാൻഡ് അപ്പ് കോമഡി, സഹൃദയ കലാവേദിയുടെ നാടൻ പാട്ട്, കലാശക്കൊട്ട് എന്നിവയും പൊന്നാനി തനിമയിൽ പലഹാരമേളയും ഉണ്ടായിരുന്നു. വേനലവധിക്കാലത്ത് വിമാനക്കമ്പനികൾ പ്രവാസികളിൽ നിന്നും അമിതമായി ഈടാക്കുന്ന വിമാന ടിക്കറ്റ് ചാർജ് വർധനവിൽ ഇടപെടൽ നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പ്രവാസി കാര്യ വകുപ്പിന് നിവേദനം അയക്കാൻ പ്രമേയം അവതരിപ്പിച്ചു.

പിസിഡബ്ല്യുഎഫ് അംഗങ്ങളുടെ ക്ഷേമത്തിന്നായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ക്ഷേമ നിധി പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ പിസിഡബ്ല്യുഎഫ് കേന്ദ്ര കമ്മിറ്റി മുൻ കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പൊന്നോത്സവ് നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് ഒരു പവൻ സ്വർണ്ണ നാണയം, മൊബൈൽ ഫോൺ, ടാബ്, സ്മാർട്ട് വാച്ച് എന്നിവ സമ്മാനങ്ങളായി നൽകി.

ബാലൻ കണ്ടനകം, മുഹമ്മദ് മാറഞ്ചേരി, ജഷീർ ചങ്ങരംകുളം, റംഷാദ് റഹ്മാൻ, ഷെഫീഖ് പാലപ്പെട്ടി, പിടിഎ റഹ്മാൻ, സെയ്തലവി കരുകത്തിരുത്തി, മധു എടപ്പാൾ, നസീർ കാഞ്ഞിരമുക്ക്, വി എം ഷറഫ് പുതുപൊന്നാനി, ഫിറോസ് വെളിയങ്കോട്, നബീൽ കൊല്ലൻപടി വനിതാ വിങ് പ്രതിനിധികളായ ഷിജിലി, സിതാര, ഖദീജ, ലൈല, ജസ്നി, തസ്ലി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button