Local newsPONNANI
പൊന്നാനി മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം
പൊന്നാനിയുടെ ചരിത്ര ശേഷിപ്പുകളില്‍ ഒന്നായ മിസ്രി പള്ളി പുതുക്കിപ്പണിയാന്‍ പള്ളിയുടെ മുന്‍ഭാഗം പൊളിച്ചത് വിവാദമായതോടെ അന്നത്തെ നിയമ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണന് നടത്തിയ ഇടപെടലാണ് പൈതൃക സംരക്ഷണത്തിലേക്ക് പള്ളിയെ എത്തിച്ചത്.
മഖ്ദൂം സാമൂതിരി ബന്ധത്തിന്റെ ദൃഢതയും ഈജിപ്തുമായുള്ള വ്യാപാര സൈനിക അടുപ്പത്തിന്റെ ശേഷിപ്പുമായി നിലനില്‍ക്കുന്നതാണ് പൊന്നാനിയിലെ മിസ്രി പള്ളി. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതും പൊന്നാനിയുടെ ചരിത്രത്തിനു കരുത്തു പകരുന്നതുമാണ് ഈ പള്ളി.
വാസ്ക്കോ ഡി ഗാമയുടെ വരവോടെ മലബാറിലുണ്ടായ അതിക്രമങ്ങളെ പ്രതിരോധിക്കാന്‍ സാമൂതിരിയുടെ നിര്‍ദ്ദേശ പ്രകാരം സൈനുദ്ദീന്‍ മഖ്ദൂമിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് പൊന്നാനിയിലെത്തിയ ഈജിപ്തില്‍ നിന്നുള്ള സൈന്യം അവരുടെ ക്യാമ്ബിനോട് ചേര്‍ന്ന് സ്ഥാപിച്ചതാണ് മിസ്രി പള്ളിയെന്നാണ് ചരിത്രത്തിലെ പ്രധാന അഭിപ്രായം.
ഈജിപ്തുകാര്‍ ഒരു കപ്പല്‍ തകര്‍ച്ചയെത്തുടര്‍ന്ന് പൊന്നാനി തീരത്തെത്തിയതായി വിശ്വസിക്കപ്പെടുന്നു. ഇവിടത്തുകാര്‍ എല്ലാ സഹായവും അവര്‍ക്ക് ചെയ്തുകൊടുത്തു. നന്ദിസൂചകമായി ഒരു പള്ളി പണിയാമെന്ന് വാഗ്ദാനം ചെയ്തു. അതാണ് മിസ്രി പള്ളിയെന്ന് പറയുന്നവരുമുണ്ട്.
അറബിക് കാലിഗ്രാഫിയില്‍ സമ്ബന്നമായ ഒരു വാസ്തുവിദ്യയാണ് മിസ്രി പള്ളിയിലുള്ളത്. ഇതൊരു പൈതൃകമായി സംരക്ഷിക്കണമെന്ന് ചരിത്രകാരന്മാര് അഭിപ്രായപ്പെട്ടിരുന്നു. കമ്മാലിക്കാനകം കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു മിസ്രി പള്ളി. പള്ളി പൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ ഈ കുടുംബം പരാതിയുമായി അധികൃതരെ സമീപിച്ചു. എതിര്‍പ്പ് ശക്തമായതോടെ പി. ശ്രീരാമകൃഷ്ണനും നഗരസഭയും ഇടപെട്ട് പള്ളി പൊളിക്കുന്നത് നിറുത്തിവയ്പ്പിച്ചു.
മുസിരിസ് പൈതൃക പദ്ധതിയുടെ ഹെറിറ്റേജ് ആര്‍ക്കിടെക്ട് നിര്‍മ്മാണ പ്രവൃത്തികളുടെ നേതൃത്വം ഏറ്റെടുത്തതോടെ പള്ളിക്ക് നഷ്ട പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പൊന്നാനിക്കാര്. അതാണിപ്പോള്‍ സാദ്ധ്യമായിരിക്കുന്നത്. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളൊക്കെയും പരമ്പരാഗത രീതിയിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.