Local newsPONNANI
പൊന്നാനിയിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ഉല്ലാസ ബോട്ടുകളിലൊന്ന് മണൽ വഞ്ചി രൂപം മാറ്റിയത്!
അഴിമുഖംതൊട്ട് തുറമുഖ വകുപ്പിന്റെ നിയന്ത്രണം വരെയുള്ള ഭാഗത്ത് ബോട്ട് ഇറക്കണമെങ്കിൽ ഹാർബർ ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാണ്. എന്നാൽ പൊന്നാനിയിൽ ഓടുന്ന 20 എണ്ണത്തിൽ അഞ്ച് എണ്ണത്തിന് മാത്രമാണ് ഈ ലൈസൻസുള്ളത്. ലൈസൻസില്ലാത്ത ഈ ബോട്ടിനെ തടയാൻ തുറമുഖ ഉദ്യോഗസ്ഥർ മടി കാണിച്ചതാണ് ബോട്ടുകളുടെ എണ്ണം കൂടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രജിസ്ട്രേഷൻ സംഘടിപ്പിച്ച് നൽകാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറയുന്നു. കായലിലും കനാലിലും ഓടാനുള്ള അനുമതി ഉപയോഗിച്ചാണ് അഴിമുഖത്തെ യാത്ര. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവരാണ് ബോട്ടുകൾ ഓടിക്കുന്നവരിലേറെയും. ലൈസൻസ് എടുക്കാൻ പൊന്നാനിയിൽ തന്നെ തുറമുഖ വകുപ്പ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കുറച്ചു പേരാണ് ഉപയോഗപ്പെടുത്തിയത്.
ഒരു ബോട്ടിന് അഞ്ച് വർഷത്തെ രജിസ്ട്രേഷന് 255 രൂപയും ഹാർബർ ക്രാഫ്റ്റ് ലൈസൻസിന് 1785 രൂപയുമാണ്. ബോട്ടിന്റെ പ്രവർത്തനക്ഷമതയും രേഖകളും സർവേയർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഹാർബർ ക്രാഫ്റ്റ് ലൈസൻസ് നൽകുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് മാരിടൈം ബോർഡ് സിഇഒ മുഹമ്മദ് സലിം പറഞ്ഞു.
ഇതിനായി പ്രത്യേക പാനലിനെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന് ഡോ. സുധീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ അനുവദിച്ചത്. 22 പേർക്ക് കയറാമെന്നാണ് റിപ്പോർട്ട്. അതിൽ ക്രമക്കേടുണ്ടെങ്കിൽ വിജിലൻസ് അന്വേഷണ പരിധിയിൽ വരുമെന്നും സിഇഒ പറഞ്ഞു. സർക്കാറിന്റെ അംഗീകൃത യാർഡുകളിലാണ് ബോട്ടുകൾ നിർമിക്കേണ്ടത്.