MALAPPURAM

താനൂര്‍ ബോട്ടപകടം; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഇടപെടലിന് നിര്‍ദേശം നല്‍കി വീണാ ജോര്‍ജ്

മലപ്പുറം താനൂരിലെ ബോട്ടപകടത്തില്‍ അടിയന്തിര ഇടപെടലിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അപകടവിവരം അറിഞ്ഞ ഉടനെ ആരോഗ്യപ്രവര്‍ത്തകരെല്ലാം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. താനൂര്‍ പിഎച്ച്എസിയും തിരൂരങ്ങാടി ആശുപത്രിയിലുമാണ് മരിച്ചവരുടെ മൃതദേഹം. രക്ഷാപ്രവര്‍ത്തനത്തിനും അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാനുമാണ് പ്രാധാന്യം. ഞായറാഴ്ചയായതിനാല്‍ ആരോഗ്യപ്രവര്‍ത്തകരില്‍ പലരും സ്ഥലത്തുണ്ടായിരുന്നില്ല. എല്ലാവരോടും ഉടന്‍ ആശുപത്രിയിലേക്കെത്താന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.മന്ത്രി പി എ മുഹമ്മദ് റിയാസിനും മന്ത്രി വി അബ്ദുറഹ്‌മാനുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല. നിലവില്‍ അടിയന്തര പ്രാധാന്യം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനാണെന്നും സാധ്യമായ എല്ലാ വിധത്തിലും പ്രവര്‍ത്തിക്കുമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.
ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം പേരെ കയറ്റിയെന്ന് പ്രദേശവാസി വെളിപ്പെടുത്തിയിരുന്നു. ഇരുപതോളം പേരെ മാത്രം കയറ്റാവുന്ന ബോട്ടിലാണ് നാല്പത് പേരെ കയറ്റിയത്. രാത്രി നേരമായിട്ടും സഞ്ചാരികള്‍ പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button