തിരൂരങ്ങാടി: ജില്ലയുടെ സാംസ്കാരിക പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജില്ലാ പൈതൃക മ്യൂസിയം എന്നും നിർമിതിയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഹജൂർ കച്ചേരി മന്ദിരവും സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടവും പുരാവസ്തു വകുപ്പ് സംരക്ഷണ സ്മാരകമായി പ്രഖ്യാപിച്ചതെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. പൂർണ്ണ തോതിൽ സജ്ജീകരിച്ച മ്യൂസിയം സെപ്റ്റംബറിൽ ഓണസമ്മാനമായി നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയാക്കിയ ഹജൂർ കച്ചേരി മന്ദിരത്തിൽ ജില്ലാ പൈതൃകം മ്യൂസിയത്തിന്റെ സജ്ജീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവർത്തനം പൂർത്തിയാക്കിയ സബ് രജിസ്ട്രാർ ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ അധ്യക്ഷത വഹിച്ചു. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, വി. പി സോമസുന്ദരൻ, കെ. രാംദാസ്,കെ.പി അബ്ദുൽ മജീദ് ഹാജി,നഗരസഭ കൗൺസിലർ സി.എം അലി, കെ. മൊയ്തീൻ കോയ, എൻ. വി അബ്ദുൽ അസീസ്, സി.പി അബ്ദുൾ ലത്തീഫ്, ടി ഇസ്മായിൽ,കെ. മഹേന്ദ്രൻ,തഹസിൽദാർ പി. ഒ സാദിഖ്,സബ് രജിസ്ട്രാർ പി.ആർ രാജേഷ്, കെ.രത്നാകരൻ,വി. പി കുഞ്ഞാമു, പുരാവസ്തു ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി സധു എന്നിവർ പ്രസംഗിച്ചു.നാലു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജില്ല പൈതൃക മ്യൂസിയം ജില്ലയുടെ കാർഷിക, വ്യാപാര, സാംസ്കാരിക, രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ ചരിത്രത്തിന്റെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെയും ചരിത്രരേഖകളുടെ പ്രദർശന കേന്ദ്രമാകും. പ്രദർശന വസ്തുക്കൾക്കൊപ്പം ആധുനിക ദൃശ്യ,ശ്രവ്യ സംവിധാനങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മ്യൂസിയം നോഡൽ ഏജൻസിയായ കേരള ചരിത്ര പൈതൃക മ്യൂസിയമാണ് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കിയത്.