വളയംകുളം സംയുക്ത ഈദ്ഗാഹ് മതസൗഹൃദ വേദിയായി


എടപ്പാൾ : വളയംകുളം എം.വി.എം സ്കൂൾ ഗ്രൗണ്ടിൽ ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി നടത്തിയ ഈദ് ഗാഹ് മത സൗഹൃദ സദസ്സായി മാറി. ഈദ് ഗാഹിനു പ്രമുഖ പണ്ഡിതൻ റിഹാസ് പുലാമന്തോൾ നേതൃത്വം നൽകി. ആയിരങ്ങൾ പങ്കെടുത്ത ഈദ് ഗാഹിൽ പൊന്നാനി എം എൽ എ പി.നന്ദകുമാർ, പ്രമുഖ സാഹിത്യകാരനും കവിയുമായ ആലംകോട് ലീലാകൃഷ്ണൻ, ടി രാമദാസ് മാസ്റ്റർ, അടാട്ട് വാസുദേവൻ, പി വിജയൻ, ടി കൃഷ്ണൻ നായർ, പ്രണവം പ്രസാദ്, കണ്ണൻ നായർ പന്താവൂർ, പ്രമോദ് തലാപ്പിൽ, ദിവാകരൻ വളയംകുളം, ശിവദാസ് മൂക്കുതല തുടങ്ങി സമൂഹത്തിലെ വ്യത്യസ്ഥ മേഖലയിൽനിന്ന് വിവിധ മതസ്ഥരായി 40 ഓളം പേർ സൗഹൃദ സന്ദർശനം നടത്തി. സംഘത്തിന് അലംങ്കോട് ലീലാകൃഷ്ണൻ നേതൃത്വം നൽകി.

പരസ്പര സ്നേഹവും മനുഷ്യ സൗഹാർദ്ദ പൈതൃകവും കാത്തു സൂക്ഷിക്കാൻ ഇത്തരം ഈദ്ഗാഹുകൾ കൊണ്ട് സാധിക്കുമെന്ന് എം എൽ എ പി നന്ദകുമാർ പറഞ്ഞു. ആലംകോട് ലീലാകൃഷ്ണൻ ആശംസാ പ്രസംഗം നിർവ്വഹിച്ചു. ടി രാംദാസ് മാസ്റ്റർ ആശംസാഗാനം ആലപിച്ചു. മുസ്ലിം സംഘടനകൾ വ്യത്യസ്ഥ സ്ഥലങ്ങളിലായി നടത്തി വന്നിരുന്ന ഈദ്ഗാഹുകൾ 2012 മുതലാണ് വളയംകുളം കേന്ദ്രമായി സംയുക്തായി സംഘടിപ്പിക്കാൻ ആരംഭിച്ചത്. മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയുമാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.

