KERALA

പ്രധാനമന്ത്രി 70 വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സാധ്യത; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ദിനത്തില്‍ മറ്റു വികസന പദ്ധതികളുടെ ഉദ്ഘാടനവും നടക്കും

തിരുവനന്തപുരം: വന്ദേ ഭാരത ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനായി തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ 70 വിദ്യാർത്ഥികളുമായി സംവദിച്ചേക്കും. ഏപ്രിൽ 25ന് രാവിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ വന്ദേ ഭാരത ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ശേഷം പ്രധാനമന്ത്രി ട്രെയിനുള്ളിൽ കുട്ടികളുമായി സംവദിക്കും എന്നാണ് അനൗദ്യോഗിക വിവരം.
പ്രധാനമന്ത്രി ട്രെയിനിൽ കൊല്ലം വരെ യാത്ര ചെയ്യാനും സാധ്യതയുണ്ട്. ഉദ്ഘാടന സമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ,വർക്കല റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാവും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങളും പാലക്കാട് പൊള്ളാച്ചി ലൈനിന്റെ വൈദ്യുതീകരണവും രാജ്യത്തിന് സമർപ്പിക്കും.
495 കോടി രൂപ ചെലവിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ആധുനിക രീതിയിൽ നവീകരിക്കാനും വർക്കലസ്റ്റേഷനിൽ 170 കോടിയുടെ നവീകരണ പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. പഴയ കെട്ടിടം നിലനിർത്തിയാണ് സെൻട്രൽ സ്റ്റേഷൻ നവീകരിക്കുന്നത്. നിയമം ടെർമിനലിൽ 117 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുക. പ്രധാനമന്ത്രി എത്തുന്ന തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള ട്രാക്കുകളും നവീകരിച്ചു. ഒന്നാം പ്ലാറ്റ്ഫോമിലെ ചില ഭാഗങ്ങൾ പൊളിച്ചുമാറ്റി മേൽക്കൂര നവീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button