വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി കട്ടിൽ വിതരണം നടത്തി


പൊന്നാനി: വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. വിവിധ വാർഡുകളിൽ നിന്നുമായി 60 വയസ് കഴിഞ്ഞ 255 പേർക്കാണ് സൗജന്യമായി കട്ടിൽ നൽകുന്നത്. 11,09,250 രൂപയാണ് നഗരസഭ പദ്ധതിക്കായി നീക്കിവെച്ചത്. കേരള സംസ്ഥാന കൺസ്യൂമർ ഫെഡാണ് കട്ടിലുകൾ നിർമിച്ച് നൽകുന്നത്. നഗരസഭാ ഓഫീസിൽ നടന്ന വിതരണോദ്ഘാടനം അധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷീനാ സുദേശൻ, ഒ.ഒ ഷംസു, കൗൺസിലർമാരായ കെ.ഗിരീഷ് കുമാർ, മഞ്ചേരി ഇക്ബാൽ, സി.വി സുധ, ബീവി, കെ.വി ബാബു, ഷാഫി, ഷാലി പ്രദീപ്, കെ.രാധാകൃഷ്ണൻ, നഗരസഭാ സെക്രട്ടറി എസ്. സജി റൂൻ, നിർവ്വഹണ ഉദ്യോഗസ്ഥൻ പി.പി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.
