ബസ്സുകളിൽ തിരക്കേറി മാല മോഷണവും പോക്കറ്റടിയും വ്യാപകം

കഴിഞ്ഞ ദിവസം ഒരെ ബസ്സിൽ നിന്ന് രണ്ട് സ്ത്രീകളിൽ നിന്നായി നഷ്ടപ്പെട്ടത് 7 പവൻ സ്വർണ്ണം

എടപ്പാൾ :വിഷുവും പെരുന്നാളും അടുത്തതോടെ സ്വകാര്യ ബസ്സുകളിൽ ഉണ്ടാവുന്ന തിരക്ക് മുതലെടുക്കാൻ മാല പൊട്ടിക്കൽ സംഘവും പോക്കറ്റടി സംഘവും സജീവമാകുന്നു.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിതിയിൽ മാത്രം അടുത്ത ദിവസങ്ങളിലായി ഇത്തരത്തിൽ നിരവധി മോഷണങ്ങൾ നടന്നതായി പരാതികൾ ഉയരുന്നുണ്ട്.കഴിഞ്ഞ ഒരെ ബസ്സിൽ നിന്ന് രണ്ട് സ്ത്രീകളിൽ നിന്നായി മൂന്നര പവൻ തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ നഷ്ടപ്പെട്ടു.കുന്നംകുളം എടപ്പാൾ ബസ്സിൽ ചങ്ങരംകുളത്തേക്ക് വന്ന ഒതളൂർ സ്വദേശികളായ വീട്ടമ്മമാരുടെ സ്വർണ്ണാഭരണമാണ് ഒരെ സമയം നഷ്ടപ്പെട്ടത്.കാളാച്ചാൽ സ്വദേശിയുടെ അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ബസ്സ് യാത്രക്കിടെ കഴിഞ്ഞ ദിവസമാണ് നഷ്ടപ്പെട്ടത്.പലരുടെയും പണം അടങ്ങിയ പെഴ്സുകളും നഷ്ടപ്പെട്ടതായി പരാതികൾ ഉയരുന്നുണ്ട്.തിരക്കുള്ള സീസൺ മുതലെടുക്കാൻ ഇത്തരം കവർച്ച സംഘങ്ങൾ വ്യാപകമായി ഇറങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.സ്വർണ്ണത്തിന് വില കൂടിയതോടെ കൂടുതലും സ്ത്രീകളെലക്ഷ്യം വച്ചാണ് പിടിച്ച് പറി സംഘങ്ങൾ ബസുകൾ ലക്ഷ്യമിടുന്നത്.ഇത്തരം സംഘങ്ങൾക്കെതിരെ തിരക്കുള്ള ബസ്സിൽ കയറുന്ന സ്ത്രീകളും കുട്ടികളും ജാഗ്രത പുലർത്തണമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.
