ചാലിശ്ശേരി : റവന്യൂ വകുപ്പിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റായ വില്ലേജ് ഓഫീസുകള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് നടത്താനാണ് പദ്ധതിയെന്നും നവംബറോടെ പൂര്‍ണമായും ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കിയ ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ 1, 3, പയ്യനെടം, നെന്മാറ-വല്ലങ്ങി, അയിലൂര്‍, മംഗലം ഡാം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്ന ജില്ലയാണ് പാലക്കാട്. എല്ലാവര്ക്കും ഭൂമി നല്‍കുന്നതിന് രൂപീകരിക്കുന്ന പട്ടയ മിഷന് ഏപ്രില്‍ 25 ന് കോട്ടയത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകാന്‍ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.