Local news
തിരൂർ റെയിൽവേ മേൽപ്പാലം മേയിൽ തുറന്നേക്കും
മേൽപ്പാലത്തിന്റെ അനുബന്ധ റോഡുപണി പുരോഗമിക്കുകയാണ്. 2018-ൽ പണി പൂർത്തിയായ റെയിൽവേ മേൽപ്പാലം അനുബന്ധ റോഡ് നിർമാണം പൂർത്തിയാകാത്തതിനാൽ തുറന്നുകൊടുത്തിരുന്നില്ല.
സംസ്ഥാന സർക്കാർ 9.60 കോടി രൂപ റെയിൽവേയ്ക്ക് കെട്ടിവെച്ച് റെയിൽവേയായിരുന്നു 30 മീറ്റർ നീളമുള്ള മേൽപ്പാലം നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇരുഭാഗങ്ങളിലുമായി 350 മീറ്റർ അനുബന്ധറോഡ് നിർമിക്കാൻ പൊതുമരാമത്തുവകുപ്പ് പണം വകയിരുത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിരൂരിലെത്തി അനുബന്ധറോഡ് നിർമാണത്തിന്റെ കാര്യങ്ങൾ സ്ഥലം എം.എൽ.എയായ കുറുക്കോളി മൊയ്തീനുമായും ഉദ്യോഗസ്ഥരുമായും ചർച്ചചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുബന്ധറോഡ് നിർമാണത്തിനായി 3.28 കോടി രൂപയുടെ ഭരണാനുമതി നൽകുകയും സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപ്പാക്കുകയും ചെയ്തു. തുടർന്ന് റോഡുപണി തുടങ്ങുകയായിരുന്നു.
പഴയ മേൽപ്പാലത്തിനു മുകളിലൂടെ കടന്നുപോകുന്ന ജല അതോറിറ്റിയുടെ പൈപ്പ്ലൈൻ മാറ്റാൻ സമയം വൈകിയതും അനുബന്ധറോഡ് നിർമാണത്തിനു തടസ്സമായിരുന്നു. നിലവിൽ പഴയ പൈപ്പ്ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. തിരൂർ ബസ്സ്റ്റാൻഡ് ഭാഗത്ത് 92 മീറ്റർ നീളവും സിറ്റി ജങ്ഷൻ ഭാഗത്ത് പത്തൊൻപതര മീറ്റർ നീളവുമാണ് റോഡിനുണ്ടാകുക. ഈ റോഡ് യാഥാർഥ്യമായി പാലം തുറന്നാൽ തിരൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. മേയ് അവസാനം പാലം തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.