പെരിന്തൽമണ്ണ കൊലപാതകം; 21 വയസുകാരി ദൃശ്യയെ കുത്തിയത് 21 തവണ; എന്നിട്ടും പക തീരാതെ പ്രതി; പോലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി

പ്രണയം നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കയറി 21കാരിയെ കുത്തിക്കൊന്ന കേസില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രതി കത്തിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തല്‍മണ്ണയിലെ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. പഴയ കത്തിയുമായാണ് ദൃശ്യയെ കൊലപ്പെടുത്താന്‍ പ്രതി വീട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ നിന്നും കൈവശപ്പെടുത്തിയ മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് കൊലപാതകം നടത്തിയത്. ഈ കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, കൊലപാതകത്തിന് ശേഷം ചെരുപ്പ് ഉപേക്ഷിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഈ ചെരുപ്പും പൊലീസ് പരിശോധനയില്‍ കണ്ടെത്തണം.
‘എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു. പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചു. പോരാത്തതിന് പൊലീസ് സ്‌റ്റേഷനിലും കയറ്റി. ഇതോടെ പകയായി. ഇതാണ് ദൃശ്യയുടെ കൊലപാതകത്തിന് കാരണം. കൊന്നെങ്കിലും ഇപ്പോഴും മനസ്സിലെ പക തീര്‍ന്നിട്ടില്ല’; വിനീഷിന്റെ കുറ്റസമ്മതം ഇങ്ങനെ.
ഏറെ കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദൃശ്യയുടെ അച്ഛനെ വീട്ടില്‍ നിന്ന് മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി അച്ഛന്റെ പെരിന്തല്‍മണ്ണയിലെ കടയ്ക്ക് തീവച്ചു. പേപ്പറുകള്‍ കൂട്ടി തീ ഇടുകയായിരുന്നു. 40 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാക്കിയത്. കട കത്തിച്ച ശേഷം പെരിന്തല്‍മണ്ണയില്‍ നിന്ന് രാത്രി യാത്ര തുടങ്ങി. അതും കാല്‍നടയായി ഒറ്റയ്ക്ക്. പുലര്‍ച്ചെയോടെ ദൃശ്യയുടെ വീട്ടിന് അടുത്തെത്തി. പകയുമായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ കട കത്തിയതിന്റെ വേദനയില്‍ രാവിലെ തന്നെ അച്ഛന്‍ പുറത്തേക്ക് പോയി. വീട്ടുകാര്‍ വാതില്‍ തുറന്ന തക്കം നോക്കി. അകത്തു കടന്നു. അതിന് ശേഷം കത്തിയും വീട്ടിനുള്ളില്‍ നിന്ന് കൈക്കലാക്കി. അതിന് ശേഷം കുറച്ചു സമയം വീട്ടിനുള്ളില്‍ പാത്തിരുന്നു. പതിയെ ദൃശ്യയുടെ മുറിയില്‍ എത്തി. ഉറങ്ങി കിടന്ന കുട്ടിയെ മതിവരുവോളം കുത്തി. 21 തവണ കുത്തിയതിന് പിന്നില്‍ മനസ്സിലെ പകയായിരുന്നു.
