വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്


തൃശ്ശൂർ: കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി (55)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിർമാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്ഫോടനം നടന്നത്. കിലോമീറ്ററുകൾക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ ഡോറുകൾ ശക്തമായ സമ്മർദ്ദത്തിൽ അടഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
ശ്രീനിവാസൻ എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം. എത്രപേർ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂർ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്ന മേഖലയാണ് ഇത്. നിരവധി കുടുംബങ്ങൾ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണത്തിൽ ഏർപ്പെടുന്നുണ്ട്.
