EDAPPAL
ശുചിമുറി പരിസരം വൃത്തിഹീനമെന്ന് നോട്ടിസ്; പൂട്ടിയിട്ട് അധികൃതർ

എടപ്പാൾ : കെഎസ്ആർടിസി എടപ്പാൾ റീജനൽ വർക് ഷോപ്പിന് മുന്നിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പൂട്ടിയതിനു പിന്നാലെ ശുചിമുറിയും പൂട്ടി. ദീർഘദൂര യാത്രക്കാർ വെട്ടിലായി. കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും വേണ്ടിയാണ് വർഷങ്ങൾക്കു മുൻപ് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് നിർമിച്ചത്.
എന്നാൽ ജീവനക്കാർ ഇല്ലാത്തതിനാൽ ഓഫിസ് പൂട്ടി. പിന്നീട് ശുചിമുറി ഉപയോഗം മാത്രമായി ഇവിടം ഒതുങ്ങി. കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണികൾക്ക് എന്ന പേരിൽ ശുചിമുറിയും അടച്ചത്. ശുചിമുറി പരിസരം വൃത്തിഹീനമാണെന്നു ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് വർക്‌സ് മാനേജർക്ക് നോട്ടിസ് നൽകിയിരുന്നു.തകരാർ പരിഹരിച്ച് വേഗത്തിൽ തുറന്നു നൽകുന്നതിന് പകരം പൂട്ടിയിടുകയാണ് അധികൃതർ ചെയ്തിരിക്കുന്നത്.
