ഇന്‍ഷുറന്‍സ് ഇല്ലാത്ത ഓട്ടോ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഉടമ 20.86 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി


മലപ്പുറം: ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ 20,86,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.
മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ആണ് വിധി പുറപ്പെടുവിച്ചത്. ആര്‍ സി ഉടമയായ ഓട്ടോ ഡ്രൈവര്‍ തുവ്വൂര്‍ അക്കരപ്പുറം തയ്യില്‍ വേലായുധന്‍ ആണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.
2019 സെപ്റ്റംബര്‍ 29ന് കീഴാറ്റൂര്‍ മണിയാണീരിക്കടവിലാണ് കേസിനാസ്പദമായ അപകടം ഉണ്ടായത്. കീഴാറ്റൂരിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികന്‍ കീഴാറ്റൂര്‍ സ്വദേശി രാംദാസ് (42) മരിച്ചു.
ഓട്ടോറിക്ഷയ്ക്ക് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. ഈ കേസിലാണ് മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണല്‍ ജഡ്ജി പി എസ് ബിനു വിധി പുറപ്പെടുവിച്ചത്. നഷ്ടപരിഹാരത്തുകയോടൊപ്പം എട്ടുശതമാനം പലിശയും കോടതി ചെലവും നല്‍കണമെന്നും കോടതി വിധിച്ചു.
