MALAPPURAM

ഹൃദയങ്ങളിൽ വല കുലുക്കി മലപ്പുറംകാരി ഫിദയുടെ കിക്ക്

മലപ്പുറം:  മലപ്പുറത്തുകാർക്ക് കാൽപ്പന്തുകളി വലിയൊരു വാർത്തയ്ക്കുള്ള ഇടമല്ല. സർവ്വ സാധാരണമായ, അവരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നു മാത്രമാണത്.  എന്നാൽ തട്ടമിട്ട പെണ്ണൊരുത്തി ഗോൾവല തുളച്ചപ്പോൾ കയ്യടിക്കാൻ മടിയില്ലാത്ത മിടുക്കരാണ് തങ്ങളെന്ന്, ഫുട്ബോൾ ഞങ്ങൾക്ക് വികാരമാണെന്ന് കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി അവർ തെളിയിച്ചു. 

തിരൂർക്കാട് എ എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലേ അരിപ്ര സ്വദേശിനിയുമായ ഫിദയുടെ കിക്ക് ഇന്ന് വലിയ തരംഗമാണ്.  റൊണോൾഡോ സ്‌റ്റൈലിൽ പോസ്റ്റിലേക്ക് കുതിച്ച പന്ത് ഗോളിയേയും മറികടന്ന് വല കുലുക്കി, അവൾ റൊണോ സ്റ്റൈൽ സെലിബ്രേഷനും നടത്തി. ഗ്രൌണ്ടിലെ ആവേശത്തിരയിളക്കം ഓരോ മലപ്പുറംകാരിലേക്കും പകരാൻ ഫിദയ്കക് സാധിച്ചു.  ഈ ആഘോഷം മലപ്പുറം ഏറ്റെടുത്തപ്പോൾ, അത് കേരളം മുഴുവൻ അറിഞ്ഞു. 

സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫുട്‌ബോൾ മത്സരത്തിലാണ് എതിർ ടീം തീർത്ത വാളിന് മുകളിലൂടെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ ഫിദയുടെ ഗോൾ പിറന്നത്.  അധ്യാപകരിലൊരാൾ പകർത്തിയ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണ്. പെൺകുട്ടികളുടെ ജൂനിയർ വിഭാഗം സുബ്രതോ കപ്പ് ഉപജില്ലാ ജേതാക്കളായ സ്‌കൂൾ ടീം അംഗമായ ഫിദ കഴിഞ്ഞ വർഷത്തെ എൻഎംഎംഎസ് സ്‌കോളർഷിപ് ജേതാവാണ്.

അരിപ്ര ജുമാ മസ്ജിദിലെ ഖത്തീബ് മുട്ടുപ്പാറ ഷിഹാബ് മൗലവിയുടെയും ബുഷ്‌റയുടെയും മകളാണ് ഫിദ. ഫിദയുടെ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പേജിൽ അപ് ലോഡ് ചെയ്തതോടെ ഫിദയ്ക്ക് അഭിനന്ദന പ്രവാഹമാണ്. നിരവധിപേരാണ് ഫിദയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകളുമായി എത്തുന്നത്.  ഫോൺകോളുകളും മെസേജുകളുമായി ഫിദയ്ക്ക് നേരിട്ടും ആശംസകൾ  എത്തുന്നുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button